മിന്നുകെട്ടിന് അവസാനനിമിഷവും നിറകണ്ണുകളോടെ അച്ഛനായുള്ള കാത്തിരിപ്പ്;മകളെ അനുഗ്രഹിക്കാൻ വാച്ചർ രാജനെത്തിയില്ല

0
53

അഗളി: 37 ദിവസം പ്രതീക്ഷയോടെ അച്ഛനെ കാത്തിരുന്ന മകളുടെ കല്യാണത്തിന് വനം വാച്ചർ രാജനെത്തിയില്ല. കല്യാണം ക്ഷണിക്കാൻ അവധിക്ക് വരുമെന്ന് പറഞ്ഞ് കാടുകയറിയ രാജൻ മകളുടെ കല്യാണത്തിനെങ്കിലും വേദിയിലെത്തുമെന്ന പ്രതീക്ഷയാണ് ഇതോടെ അസ്തമിച്ചത്.

ഒടുവിൽ അച്ഛന്റെ അനുഗ്രഹം ഒപ്പമുണ്ടെന്ന ഉറപ്പിൽ സൈലന്റ് വാലിയിലെ സൈരന്ധ്രിയിൽ കാണാതായ വനംവാച്ചർ രാജന്റെ മകൾ രേഖ ശനിയാഴ്ച വിവാഹിതയായി. മണ്ണാർക്കാട് സ്വദേശി നിഖിലാണ് രേഖയുടെ വരൻ.അച്ഛന്റെ സ്ഥാനത്ത് ചെറിയച്ഛൻ സുരേഷ്ബാബുവാണ് കൈപിടിച്ച് വരന് നൽകിയത്. കഴിഞ്ഞ മെയ് മൂന്നാം തിയതിയാണ് സൈരന്ധ്രിയിലെ വാച്ചർ പുളിക്കഞ്ചേരി രാജനെ കാണാതാകുന്നത്. സൈലൻറ് വാലി, സൈരന്ധ്രിയിലെ വാച്ചർ രാജൻ അന്ന് രാത്രി ഭക്ഷണം കഴിച്ച് സമീപത്തെ ക്യാമ്പ് റൂമിലേക്ക് പോയതാണ്.

പിന്നീട് ഇതുവരെ ആരും രാജനെ കണ്ടിട്ടില്ല. വനംവകുപ്പ് , തണ്ടർബോൾട്ട് , പോലീസ്, സ്‌നിഫർ ഡോഗ്, ഡ്രോൺ അടക്കമുള്ള സർവ്വ സന്നാഹങ്ങളും ഉപയോഗിച്ച് ദിവസങ്ങളോളം നടത്തിയ തിരച്ചിലിലും രാജനെ കണ്ടെത്താനായില്ല. സമ്മർദ്ദത്തിനു വേണ്ടിയോ, കാട്ടിലെ ഊടുവഴികളും സുരക്ഷാപാതകളും മനസിലാക്കുന്നതിനോ വേണ്ടി ഭീകരർ രാജനെ തട്ടിക്കൊണ്ടു പോയതാണെന്ന സംശയം ശക്തമാണ്