തിരുവനന്തപുരത്ത് വീണ്ടും ചെള്ള് പനി ബാധിച്ച് ഒരാള്‍ മരിച്ചു

0
53

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചെള്ള് പനി ബാധിച്ച് മരണം. തിരുവനന്തപുരം പാറശാല ഐയ്ങ്കാമം സ്വദേശി സുബിത (38)യാണ് മരിച്ചത്. പനി ബാധിച്ച സുബിതയെ കഴിഞ്ഞ ആറാം തീയതിയോടെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍
പ്രവേശിപ്പിച്ചിരുന്നു. പനി ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ക്കൊപ്പം ശ്വാസതടസവും ഉണ്ടായതിനെ തുടര്‍ന്ന് വൈകാതെ 10ാം തീയതി മെഡിക്കല്‍ കോളജില്‍ സുബിതയെ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

ഈയാഴ്ച ചെള്ള് പനി മൂലം തലസ്ഥാനത്തുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. വര്‍ക്കല സ്വദേശിയായ അശ്വതി (15)യാണ് മൂന്ന് ദിവസം മുന്‍പ് മരിച്ചത്. പനിയും ഛര്‍ദിയും ബാധിച്ച അശ്വതി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് മരുന്ന് നല്‍കി ആശുപത്രി അധികൃതര്‍ വീട്ടിലേക്ക് തിരികെ അയച്ചു. പിറ്റേ ദിവസം അശ്വതി വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയ്ക്കിടെ തന്നെ അശ്വതിയുടെ ഓക്സിജന്‍ ലെവല്‍ കുറയുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്.

എലി, പൂച്ച ഉള്‍പ്പെടെയുള്ള മൃഗങ്ങളിലുണ്ടാകന്ന ചെള്ളുകളാണ് മനുഷ്യനിലേക്ക് ചെള്ള് പനി എത്തിക്കുന്നത്. ചെള്ള്, പേന്‍, മാന്‍ചെള്ള്, നായുണ്ണി എന്നീ ജീവികള്‍ കടിച്ചാല്‍ ചെള്ള് പനിക്ക് കാരണമാകും. റിക്കെറ്റ്സിയേസി ടൈഫി കുടുംബത്തില്‍പ്പെട്ട ബാക്ടീരിയയായ ഒറെന്‍ഷി സുസുഗാമുഷിയാണ് ചെള്ള് പനി എന്ന രോഗത്തിന്റെ കാരണമാകുന്നത്. ഈ ചെള്ള് മനുഷ്യനെ കടിക്കുമ്പോഴാണ് പനിക്ക് കാരണമാകുന്ന ബാക്ടീരിയ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്.