തിരുവനന്തപുരം: ചിറയിന്‍കീഴിലെ ചന്ദ്രന്റെ മരണത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളില്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടിയെന്നും പൊലീസ് അറിയിച്ചു.
മോഷണക്കുറ്റം ആരോപിച്ച് ചന്ദ്രന്‍ ക്രൂരമര്‍ദനത്തിനിരയായാണ് മരിച്ചതെന്നായിരുന്നു ആക്ഷേപം. കഴിഞ്ഞ മാസം 28ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. പാത്രങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ചാണ് ചന്ദ്രനെ തടഞ്ഞുവച്ച് മര്‍ദിച്ചത്. തുടര്‍ന്ന് കെട്ടിയിട്ടു. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിന്നാലെ ചിറയിന്‍കീഴ് പൊലീസെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആശുപത്രിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയിട്ടും ഛര്‍ദിയുണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആന്തരികാവയവങ്ങള്‍ക്ക് പരുക്കേറ്റതായി കണ്ടെത്തി. ശസ്ത്രക്രിയ്ക്ക് ശേഷം ഐസിയുവില്‍ ചികിത്സ തുടരവേയാണ് ചന്ദ്രന്‍ മരിച്ചത്. മര്‍ദനത്തിലാണ് ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതെന്ന് ബന്ധുക്കള്‍ പറഞ്ഞു.