ബി ജെ പി ചെയ്ത തെറ്റിനു സാധാരണക്കാർ എന്തിനു സഹിക്കണം; വിമർശനവുമായി മമത ബാനർജി

0
90

കൊല്‍ക്കത്ത: കഴിഞ്ഞ ദിവസം ബം ഗാളിലെ ഹൗറ പഞ്ച്ല ബസാറില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി.

അക്രമത്തിന് പിന്നില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാചകനെതിരെ വിവാദ പരാമര്‍ശം ഉന്നയിച്ച നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സ്ഥലത്ത് സംഘര്‍ഷം നടന്നത്. നൂറുകണക്കിന് ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രതിഷേധക്കാര്‍ പല സ്ഥലത്തും റോഡ് ഉപരോധിച്ചു.

“ഞാനും ഇത് നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി, അക്രമ സംഭവങ്ങള്‍ ഹൗറയിലെ ദൈനംദിന ജീവിതത്തെ ബാധിച്ചു. ചില രാഷ്ട്രീയ പാര്‍ട്ടികളാണ് ഇതിന് പിന്നില്‍, അവര്‍ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നു. കലാപം വെച്ചുപൊറുപ്പിക്കില്ല, കര്‍ശനമായ നടപടിയെടുക്കും, ബിജെപി പാപങ്ങള്‍ ചെയ്യും, ജനങ്ങള്‍ കഷ്ടപ്പെടും?” എന്ന് മമത ട്വീറ്റ് ചെയ്തു. ഹൗറയില്‍ നടന്ന അക്രമണത്തില്‍ പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയിരുന്നു. പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെ ഇവരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. കല്ലേറില്‍ സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി പൊലീസ് പറഞ്ഞു.

ദേശീയ പാതയിലെ ഉപരോധം നീക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ധുലാഗഡ്, പഞ്ച്ല, ഉലുബെരിയ എന്നിവിടങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥരുമായി പ്രക്ഷോഭക്കാര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് ഉലുബെരിയ സബ് ഡിവിഷനില്‍ ഏര്‍പ്പെടുത്തിയിരുന്ന സിആര്‍പിസി സെക്ഷന്‍ 144 ജൂണ്‍ 15 വരെ നീട്ടിയിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് ഹൗറ പോലീസ് ഇന്നലെ രാത്രി മുതല്‍ 70 പേരെ അറസ്റ്റ് ചെയ്തു. സ്ഥലത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. അതേ സമയം സംസ്ഥാനത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ബിജെപി എംപിയും പശ്ചിമ ബംഗാള്‍ ബിജെപി വൈസ് പ്രസിഡന്റുമായ സൗമിത്ര ഖാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.
ഹൗറ- ഖരഗ്പൂര്‍ സെക്ഷനിലെ ഫുലേശ്വറിനും ചെങ്കൈല്‍ സ്റ്റേഷനുകള്‍ക്കുമിടയില്‍ വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ പ്രതിഷേധക്കാര്‍ റെയില്‍വേ ട്രാക്കുകള്‍ തടഞ്ഞതായി സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബംഗാള്‍ ഇമാംസ് അസോസിയേഷന്‍ പ്രതിഷേധത്തിന് പിന്‍തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയില്‍ പ്രതിഷേധം മാറിയാല്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ബം ഗാളിന് പുറമെ ഡല്‍ഹി, ഉത്തര്‍പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും വെള്ളിയാഴചയിലെ ഉച്ച പ്രാര്‍ത്ഥനക്ക് ശേഷം പ്രതിഷേധങ്ങള്‍ നടന്നിരുന്നു.