നബി വിരുദ്ധ പരാമർശത്തിനെതിരായ പ്രതിഷേധത്തിനിടെ റാഞ്ചിയിലുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ രണ്ടുപേര്‍ മരിച്ചു

0
70

റാഞ്ചി: നബി വിരുദ്ധ പരാമർശത്തിനെതിരായ പ്രതിഷേധത്തിനിടെ റാഞ്ചിയിലുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ രണ്ടുപേര്‍ മരിച്ചു. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് വെടിവെപ്പ് നടന്നത്. 11 പ്രതിഷേധക്കാർക്കും 12 പൊലീസുകാർക്കും പരിക്കേറ്റിരുന്നു. വെടിവെപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ സർക്കാർ ഉത്തരവിട്ടു.
നബിവിരുദ്ദ പ്രസ്താവനയ്ക്കെതിരെ ഇസ്ലാംമത വിശ്വാസികള്‍ ഇന്നലെ  രാജ്യ വ്യാപകമായി പ്രതിഷേധിച്ചിരുന്നു. നബിവിരുദ്ദ പരാമർശം നടത്തിയ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഉച്ചയോടെയാണ് എല്ലായിടത്തും പ്രതിഷേധം തുടങ്ങിയത്. ദില്ലി, ജമ്മു കശ്മീർ, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് പ്രതിഷേധമുണ്ടായത്. ദില്ലി ജമാമസ്ജിദിന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ മുന്നൂറോളം പേർ പങ്കെടുത്തു
വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം സംഘടിച്ച വിശ്വാസികളും  പൊലീസും  തമ്മില്‍ പലയിടങ്ങളിലും  സംഘർഷമുണ്ടായി. ജമ്മു കാശ്മീരിലും ജാർഖണ്ഡിലും സംഘർഷമുണ്ടായ ഇടങ്ങളില്‍ കർഫ്യൂ പ്രഖ്യാപിച്ചു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്.