ദുബായിൽ ടൂറിസ്റ്റുകളുടെ വരവിൽ വർധ‌നവ്; 4 മാസത്തിനിടെ ഇന്ത്യക്കാരടക്കമുള്ള സന്ദർശകരുടെ എണ്ണം 51 ലക്ഷം

0
39

സന്ദർശകരുടെ പറുദീസയാണ് ദുബായ്. വർണങ്ങളില്‍ തീർത്ത ആ നഗരത്തിന് കാഴ്ചക്കാരുടെയുടെയും ആ നഗരത്തിലെത്തുന്ന ഓരോരുത്തരുടെയും ഹൃദയം കവരാനുള്ള പ്രത്യേക കഴിവ് ഉണ്ട്. കണ്ണെത്താത്ത ദൂരത്ത് പരന്നു കിടക്കുന്ന മണലാരണ്യവും അംബരചുംബികളായ കെട്ടിടങ്ങളും അവയ്ക്കിടയിൽ പ്രൗഡിയോടെ തല ഉയർത്തി നിൽക്കുന്ന ബുർജ് ഖലീഫയും ഷോപ്പിങ്ങ് മാളുകളുമെല്ലാമൊരുക്കി സഞ്ചാരികളെ മയക്കുന്ന സ്വപ്ന ഭൂമിയാണ് ഇത്. കേട്ടിട്ടില്ലേ, ദൂബായിയുടെ പകലിനേക്കാൾ ഭംഗി ആ നഗരത്തിന്റെ രാത്രികൾക്കാണ്. അത്യാഢംബരത്തിന്റെ ഈ നഗരം ആരെയും വിസ്മയിപ്പിക്കും.

കൊവിഡ് പ്രതിസന്ധിയിൽ എല്ലാ രാജ്യങ്ങളെയും പോലെ ഇവിടുത്തെ വിനോദ സഞ്ചാര മേഖലയും ഇടിവ് അനുഭവപ്പെട്ടിരുന്നു. എന്നാൽ കോവിഡ് സാഹചര്യങ്ങൾ മാറിയതോടെ ദുബായ് വിനോദസഞ്ചാര രംഗത്ത് വൻ കുതിപ്പാണ്. കഴിഞ്ഞ 4 മാസത്തിനിടെ ഇന്ത്യക്കാരടക്കമുള്ള സന്ദർശകരുടെ എണ്ണം 51 ലക്ഷമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ മൂന്നിരട്ടി വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 ആകുമ്പോഴേക്കും 2.5 കോടിയിലേറെ സന്ദർശകരെയാണു ദുബായ് പ്രതീക്ഷിക്കുന്നത്.

സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ മറ്റു മേഖലകളെയും അത് കാര്യമായി ഗുണമേ ചെയ്തു. ഹോട്ടൽ താമസക്കാരുടെ എണ്ണം 76 ശതമാനമായാണ് ഉയർന്നിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ആളുകളെ കൂടാതെ ഗൾഫ് രാജ്യങ്ങളായ ഒമാൻ, സൗദിയിൽ നിന്നും ആളുകൾ എത്തുന്നുണ്ട്. കൂടാതെ യുകെ, റഷ്യ എന്നിവിടങ്ങളിൽ നിന്നും സന്ദർശകർ ഇങ്ങോട്ട് എത്താറുണ്ട്. നിലവിൽ സന്ദർശകരുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ദുബായ്. അതിൽ നിന്ന് ഒന്നാം സ്ഥാനം നേടുക എന്നത് തന്നെയുമാണ് ദുബായ് ലക്‌ഷ്യം വെക്കുന്നത്. സന്ദർശകരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് ബാങ്കോങ്ങും രണ്ടാം സ്ഥാനത്ത് ലണ്ടനും മൂന്നാം സ്ഥാനത്ത് പാരീസുമാണ് ഉള്ളത്. സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകാൻ പുതിയ വീസകളും നിലവിലുള്ള വീസകളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചതും ഏറെ സഹായകമായി എന്നാണ് വിലയിരുത്തൽ.