രാജ്യത്തേക്കെത്തുന്നവര്‍ക്കുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്താനൊരുങ്ങി അമേരിക്ക

0
69

രാജ്യത്തേക്കെത്തുന്നവര്‍ക്കുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്താനൊരുങ്ങി അമേരിക്ക. അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനായി വിമാന യാത്രക്കാര്‍ക്കുള്ള നിര്‍ബന്ധിത കൊവിഡ് പരിശോധന ഞായറാഴ്ച മുതല്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. (covid Test to Return to the U.S. by Air Will Be Dropped)
വൈറ്റ് ഹൗസ് അസിസ്റ്റന്റ് പ്രസ് സെക്രട്ടറി കെവിന്‍ മുനോസിന്റെ കാര്യാലയമാണ് ഈ വിവരം പുറത്തുവിട്ടത്. 2020 ന്റെ തുടക്കത്തില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചതുമുതല്‍ പാലിച്ചുവരുന്ന നിയന്ത്രണങ്ങളാണ് പടിപടിയായി നീങ്ങുന്നത്. കൊവിഡ് മൂലം സമ്മര്‍ദം നേരിട്ട എയര്‍ലൈന്‍ വ്യവസായത്തെ ഉത്തേജിപ്പിക്കാന്‍ കൂടിയാണ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കപ്പെടുന്നുണ്ടെങ്കിലും അമേരിക്കയില്‍ കൊവിഡ് മൂലമുള്ള പ്രതിദിന മരണങ്ങളുടെ എണ്ണത്തില്‍ ഈ അടുത്ത ദിവസങ്ങളില്‍ വര്‍ധനയുണ്ടായെന്നത് വസ്തുതയാണ്. ഇന്ത്യയിലും കൊവിഡ് കേസുകള്‍ ഉയരുകയാണ്. ഇന്നലെ 7,584 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 100 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. കണക്കുകള്‍ പ്രകാരം സജീവ രോഗികളുടെ എണ്ണം രണ്ടാഴ്ചയ്ക്കിടെ എട്ട് മടങ്ങ് വര്‍ദ്ധിച്ചു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 36,267 ആണ്. ഇന്നലെ 3,791 പേര്‍ രോഗമുക്തി നേടി. അതേസമയം 24 പേര്‍ വൈറസ് ബാധിച്ച് മരിച്ചു.രാജ്യത്തുടനീളം കഴിഞ്ഞ ദിവസം 3,35,050 പരിശോധനകളാണ് നടത്തിയത്. 2.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.50 ശതമാനവും.