പ്രവാചകനെ അധിക്ഷേപിച്ചെന്നാരോപിച്ച്‌ ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്ക് വധശിക്ഷ ശരിവെച്ച്‌ പാകിസ്ഥാന്‍

0
68

ഇസ്ലാമബാദ്: പ്രവാചകനെ അധിക്ഷേപിച്ചെന്നാരോപിച്ച്‌ ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്ക് വധശിക്ഷ ശരിവെച്ച്‌ പാകിസ്ഥാന്‍ കോടതി.

രണ്ട് സഹോദരങ്ങള്‍ക്ക് 2018 ല്‍ വിധിച്ച വധശിക്ഷയാണ് പാക് ഹൈക്കോടതി ശരിവെച്ചത്. ഖൈസര്‍ അയൂബ്, അമൂന്‍ അയുബ് എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഹോദരങ്ങള്‍. 2011 ല്‍ ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റാണ് വധശിക്ഷയിലോട്ട് നയിച്ചത്. പ്രവാചകനെ അധിക്ഷേപിച്ചെന്നാരോപിച്ച്‌ മുഹമ്മദ് സയീദ് എന്നയാള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് 2018 ല്‍ ഇരുവര്‍ക്കും സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്.

അതേസമയം, മുഹമ്മദ് സയീദ് നല്‍കിയ പരാതി വ്യാജമാണെന്നാണ് പ്രതികള്‍ സെന്റര്‍ ഫോര്‍ ലീഗല്‍ എയ്ഡ്, അസിസ്റ്റന്‍സ് ആന്റ് സെറ്റില്‍മെന്റ് പറയുന്നത്. ‘2011 ല്‍ ഖൈസര്‍ അയുബ് ജോലി ചെയ്യുന്ന സ്ഥലത്ത് സഹപ്രവര്‍ത്തകനുമായി തര്‍ക്കം ഉണ്ടായി. ഈ വൈരാഗ്യത്തില്‍ ഇയാള്‍ അയൂബിനും സഹോദരനുമെതിരെ പ്രവാചക നിന്ദ കേസ് കൊടുക്കുകയായിരുന്നു’- പ്രതികള്‍ വ്യക്തമാക്കി.

എന്നാല്‍, കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇരുവരും പാകിസ്ഥാന്‍ വിട്ടിരുന്നു. ആദ്യം സിംഗപ്പൂരിലേക്കും പിന്നീട്, തായ്‌ലന്റിലേക്കും ഇവര്‍ പോയി. എന്നാല്‍, ഇവര്‍ക്ക് ഇവിടങ്ങളില്‍ താമസാനുമതി നീട്ടിക്കിട്ടിയില്ല. ഒടുവില്‍ 2012 ല്‍ ഇവര്‍ക്ക് പാകിസ്ഥാനിലേക്ക് തിരിച്ചു വരേണ്ടി വന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇരു സഹോദരങ്ങളും വിവാഹിതരാണ്. ഖൈസര്‍ അയൂബിന് മൂന്ന് കുട്ടികളുണ്ട്.