ബീജിംഗ്: പസഫിക്കിലും ചൈനാ കടലിലും അമേരിക്ക പ്രതിരോധം ശക്തമാക്കുമ്പോൾ ആളില്ലാ കപ്പലുമായി ചൈന. ഒരു നാവികന്റേയും സഹായമില്ലാതെ ആഴക്കടലിൽ സഞ്ചരിക്കാവുന്ന കപ്പലാണ് നിർമ്മിച്ചിരിക്കുന്നത്. മെയ് മാസം നിർമ്മാണം പൂർത്തിയാക്കിയ കപ്പൽ സൈന്യത്തിന് ഈ വർഷം അവസാനം കൈമാറും. സൂ ഹായ് യുൻ എന്ന് പേരിട്ടിരിക്കുന്ന കപ്പൽ പൂർണ്ണമായും കംപ്യൂട്ടറുകളും വിദൂര ഉപഗ്രഹ ങ്ങളാലുമാണ് നിയന്ത്രിക്കപ്പെടുന്നത്. ഒരു ഡസനോളം ഡ്രോണുകളെ ഉപയോഗിച്ച് ശത്രുസൈന്യത്തെ ആക്രമിക്കാനും മിസൈലുകൾ അയക്കാനും ശേഷിയുള്ള കപ്പലാണ് ചൈന കടലിലിറക്കുന്നതെന്നാണ് പ്രതിരോധ രഹസ്യാന്വേഷണ വിഭാഗം അറിയിക്കുന്നത്.
ആഴക്കടലിൽ ഗവേഷണ കാര്യങ്ങൾക്ക് മാത്രമാണ് കപ്പൽ നിർമ്മിച്ചതെന്നും സൈനിക ആവശ്യങ്ങൾക്കല്ലെന്നുമാണ് ചൈനയുടെ പതിവു മറുപടി. എന്നാൽ എല്ലാ സൈനിക പ്രതിരോധ സംവിധാനങ്ങളും ഘടിപ്പിക്കാവുന്ന വിധം സർവ്വ സജ്ജമാണ് കപ്പലെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ തെളിവ് നിരത്തുന്നത്. ലോകത്തിലെ മനുഷ്യരഹിതവും ഏറ്റവും ബുദ്ധിശാലിയായ കപ്പലെന്നാണ് സൂ ഹായ് യുന്നിനെ വിശേഷിപ്പിക്കുന്നത്. മനുഷ്യരഹിതമായ കപ്പലിന് 290 അടി നീളവും 45 അടി വീതിയും 20 അടി ഉയരവുമാണുള്ളത്. യുദ്ധകപ്പലിലെ ഡ്രോണുകൾക്ക് കരയിലേയും കടലിലേയും ആകാശത്തേയും ആക്രമണങ്ങളെ പ്രതിരോധിക്കാൻ ശേഷിയുണ്ട്.
കടലിനടിയിലേക്ക് പോയി ശത്രുവിന്റെ അന്തർവാഹിനികളെ നേരിടാനാകുന്ന ജല ഡ്രോണുകളും കപ്പലിലുണ്ട്. ചൈനയുടെ സൈന്യത്തിന്റെ നിയന്ത്രണത്തിൽ ഹുവാംഗ്പൂ വെൻചോംഗ് ഷിപ്പിംഗ് കമ്പനിയാണ് കപ്പൽ നിർമ്മിച്ചത്. ചൈന നിലവിൽ തെക്കൻ ചൈന കടലിലെ പരമാവധി ഗവേഷണ വിവരങ്ങൾ ശേഖരിക്കാ നാണ് കപ്പൽ ഉപയോഗിക്കുക. ഒപ്പം ക്വാഡ് സഖ്യത്തിന്റെ വിവരങ്ങളും ആഴക്കടലിലെ എല്ലാ പ്രതിരോധ രഹസ്യങ്ങളും ശേഖരിക്കാനും കപ്പലിനെ സൈന്യം ഉപയോഗിക്കുമെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്.