കോട്ടൂളിയിലെ പെട്രോള്‍ പമ്ബില്‍ ജീവനക്കാരനെ കെട്ടിയിട്ട് പണം കവര്‍ന്നത് മുന്‍ ജീവനക്കാരന്‍

0
70

കോഴിക്കോട് | കോട്ടൂളിയിലെ പെട്രോള്‍ പമ്ബില്‍ ജീവനക്കാരനെ കെട്ടിയിട്ട് പണം കവര്‍ന്നത് മുന്‍ ജീവനക്കാരന്‍.

ആഡംബര ജീവിതം നയിക്കുന്ന ഇയാള്‍ വിലകൂടിയ ബൈക്കിന്റേയും ഫോണിന്റേയും ലോണ്‍ തിരിച്ചടവിനായാണ് കവര്‍ച്ച നടത്തിയതെന്ന് മൊഴി നല്‍കി.

എടപ്പാള്‍ സ്വദേശിയായ സാദിഖി(22)നെയാണ് പോലീസ് സംഘം പിടികൂടിയത്. ഒരു ഹോംസ്റ്റേയില്‍ കഴിയുകയായിരുന്നു പ്രതിയില്‍ നിന്ന്, കവര്‍ന്ന അരലക്ഷം രൂപയില്‍ ബാക്കിയുണ്ടായിരുന്ന 30,000 രൂപയും കണ്ടെടുത്തു. രണ്ടുലക്ഷം രൂപ വിലവരുന്ന ബൈക്കാണ് ഇയാള്‍ ഉപയോഗിക്കുന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ 1.40-ഓടെയാണ് കോട്ടൂളിയിലെ നോബിള്‍ പെട്രോള്‍ പമ്ബില്‍ കവര്‍ച്ച നടന്നത്. കറുത്തവസ്ത്രമണിഞ്ഞ് മുഖംമൂടി ധരിച്ചെത്തിയ പ്രതി ജീവനക്കാരനെ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി കെട്ടിയിട്ട് പണം കവരുകയായിരുന്നു.
പമ്ബിനെക്കുറിച്ച്‌ കൃത്യമായി അറിയുന്നവരായിരിക്കാം കവര്‍ച്ചക്കു പിന്നില്‍ എന്ന ഊഹത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് മുന്‍ ജീവനക്കാരുടെ മുഴുവന്‍ ഫോണ്‍നമ്ബറുകള്‍ ശേഖരിച്ചിരുന്നു. എല്ലാ മുന്‍ ജീവനക്കാരേയും പോലീസ് വിളിച്ചപ്പോള്‍ സാദിഖിന്റെ മാത്രം ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു. ഇതോടെ പോലീസ് ഇയാളെ പിന്‍തുടര്‍ന്നു കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കവര്‍ച്ച നടത്തിയ രീതിയും കവര്‍ച്ചയിലേക്കു നയിച്ച സാഹചര്യവും വിശദമാക്കിയത്. രാത്രി 12 മണി കഴിഞ്ഞാല്‍ ഒരുജീവനക്കാരന്‍ മാത്രമാണ് പമ്ബിലുണ്ടാവുകയെന്നും പണം ഓഫീസില്‍ സൂക്ഷിക്കുമെന്നും ഇയാള്‍ക്ക് അറിയാമായിരുന്നു. വ്യാഴാഴ്ച രാത്രി 12 മണിയോടെ പമ്ബിന് സമീപമെത്തി ഒരു മണിക്കൂറോളം കാത്തിരുന്നു. മറ്റുജീവനക്കാരെല്ലാം മടങ്ങിയെന്ന് ഉറപ്പായതോടെയാണ് ഓഫീസിലിരുന്ന് പണം എണ്ണുകയായിരുന്ന ജീവനക്കാരനെ ആക്രമിച്ച്‌ കവര്‍ച്ച നടത്തിയത്.

അന്വേഷണത്തെ വഴിതെറ്റിക്കാന്‍ വേണ്ടി കവര്‍ച്ചയ്ക്കിടെ ഹിന്ദി സംസാരിച്ചു. കറുത്ത വസ്ത്രവും മുഖംമൂടി അണിയുകയും കൈകളില്‍ ഗ്ലൗസ് ധരിക്കുകയും ചെയ്തിരുന്നു. മുന്‍പ് കോഴിക്കോട്ടെ ബേക്കറിയിലും സൂപ്പര്‍മാര്‍ക്കറ്റിലും ജോലിചെയ്തിരുന്ന പ്രതി നേരത്തെ ഏതെങ്കിലും കവര്‍ച്ച സംഭവങ്ങളില്‍ പങ്കാളിയാണോ എന്ന് അന്വേഷിക്കുകയാണ്. പ്രതിയുമായി പോലീസ് പെട്രോള്‍ പമ്ബിലെത്തി തെളിവെടുപ്പ് നടത്തി.