ട്രോളിങ് നിരോധനം ആരംഭിച്ചു; ജൂലൈ 31 വരെ തുടരും; തീരത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി

0
54

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ട്രോളിങ് നിരോധനം ആരംഭിച്ചു. ട്രോളിങ് ബോട്ടുകൾക്ക് 52 ദിവസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനമുള്ളത്. ഇതോടെ 4,200-ലധികം വരുന്ന ട്രോളിങ് ബോട്ടുകൾ കടലിൽ പോകില്ല. ജൂൺ 10 മുതൽ ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധിച്ചിട്ടുള്ളത്.

ട്രോളിങ് നിരോധനം സമാധാനപരമായി ഉറപ്പാക്കാനും നിരോധനം ലംഘിക്കാതിരിക്കാനും അധികൃതർ നടപടികൾ ആരംഭിച്ചു. നിരോധനം ഉറപ്പാക്കാൻ തീരത്തും ഹാർബറുകളിലും പോലീസിന്റെ നിരീക്ഷണമുണ്ട്. അതേസമയം പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താം. ഇതിനിടെ നിരോധനം നിലവിൽ വരുന്നതിന് മുമ്പായി കടലിൽപോയ ബോട്ടുകൾ വ്യാഴാഴ്ച രാത്രിയോടെ തിരികെയെത്തിയിരുന്നു. ഇതര സംസ്ഥാന ബോട്ടുകൾ നേരത്തെ തീരം വിട്ടു.

മത്സ്യലഭ്യതയിലെ കുറവും വർധിച്ച മത്സ്യബന്ധന ചിലവും പ്രതിസന്ധി സൃഷ്ടിച്ചിരിക്കെ ട്രോളിങ് നിരോധനം കൂടി എത്തിയതോടെ മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക് കടക്കുകയാണ്. ഇന്ധന വിലവർധനവിൽ നട്ടം തിരിയുന്ന മത്സ്യമേഖലയെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കണമെന്നാണ് ബോട്ടുടമകളുടെ ആവശ്യം. യാനങ്ങളുടെ നവീകരണത്തിന് പലിശരഹിത വായ്പ അനുവദിക്കണമെന്നും മുൻ വർഷങ്ങളിലേതിനേക്കാൾ പരിഗണന വേണമെന്നും മത്സ്യ തൊഴിലാളികളും ബോട്ടുടമകളും ആവശ്യപ്പെടുന്നു.