സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം അര്‍ധരാത്രി മുതൽ തുടങ

0
65

കൊല്ലം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം അര്‍ധരാത്രി മുതൽ തുടങ്ങി. അന്പത്തിരണ്ട് ദിവസമാണ് ട്രോളിംഗ് നിരോധനം. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ചെറുകിട കച്ചവടക്കാര്‍ക്കും അനുബന്ധതൊഴിലാളികള്‍ക്കും അടുത്ത ഒന്നരമാസം ദുരിതകാലമായിരിക്കും.
ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി ഇന്നലെ വൈകിട്ടോടെ തന്നെ വലിയ ബോട്ടുകളെല്ലാം സംസ്ഥാനത്തെ വിവിധ ഹാര്‍ബറുകളിലേക്ക് കൂടേറി. ബോട്ടുകളിൽ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് തിരിച്ചു പോയി. ‍മത്സ്യബന്ധനതുറമുഖങ്ങളിൽ പ്രവർത്തിച്ചിരുന്ന ഡീസൽ ബങ്കുകൾ അടയ്ക്കാൻ സര്‍ക്കാർ നി‍ർദേശം നൽകിയിട്ടുണ്ട്. 
ഇന്നലെ അര്‍ധരാത്രി നിലവിൽ വന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ തുടരും. സംസ്ഥാനത്തെ നാലായിരത്തി അഞ്ഞൂറോളം ബോട്ടുകളാണ് ഈ കാലയളവിൽ കരപറ്റി നിശ്ചലമാവുക.  മീനുകളുടെ പ്രജനന കാലം ജൂണ്‍ മാസമല്ലെന്നും ട്രോളിംഗ് നിരോധനം ഡിസംബറിലാക്കിയാലേ കടലിലെ മത്സ്യ സമ്പത്ത് വർധിക്കുകയുള്ളൂ എന്നുമാണ് തൊഴിലാളികളുടെ വാദം. പ്രതിസന്ധിക്കാലത്ത് 52 ദിവസം ബോട്ടുകൾ കെട്ടിയിടുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് ബോട്ടുടമകൾ പറയുന്നത്.
വറുതിക്കാലത്ത് സര്‍ക്കാറിന്റെ റേഷനും ക്ഷേമനിധി ബോര്‍ഡിൽ നിന്നും 4500 രൂപയും മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാക്കും. ട്രോളിംഗ് നിരോധനം ലംഘിക്കുന്നവരെ കണ്ടെത്താൻ മറൈൻ എൻഫോഴ്സ്മെന്‍റ് മുഴുവൻ സമയം പെട്രോളിംഗ് നടത്തും. തീരദേശപൊലീസും എല്ലാ സന്നാഹങ്ങളുമായി രംഗത്തുണ്ട്.