ടർക്കിക്കോഴികളുടെ വിൽപ്പന വ്യാപകമാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു

0
60

കൊല്ലം: ടർക്കിക്കോഴികളുടെ വിൽപ്പന വ്യാപകമാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഇറച്ചി വിൽപ്പന വർധിപ്പിക്കുന്നതിനൊപ്പം കൂടുതൽ കർഷകരെ ഉൾപ്പെടുത്തി പുതിയ ഫാമുകൾ തുടങ്ങാനാണ് സർക്കാർ തീരുമാനം. കൊല്ലം കുരീപ്പുഴയിലുള്ള ട‍ർക്കി ഫാം വികസിപ്പിച്ച് ടർക്കിക്കോഴികളുടെ വിൽപ്പന കൂട്ടാനാണ് സംസ്ഥാന സർക്കാ‍‍‍ർ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ടർക്കി ഫാമാണ് കുരീപ്പുഴയിലേതെങ്കിലും കൊല്ലം ജില്ലയിലുള്ളവർക്ക് പോലും ഇറച്ചിയെത്തിക്കാനുള്ള ശേഷി ഈ ഫാമിനില്ല. കൊളസ്ട്രോൾ കുറവായതിനാൽ ടർക്കി ഇറച്ചി വാങ്ങാൻ ആളുകൾ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് സർക്കാർ പദ്ധതി വിപുലീകരിക്കാൻ ഒരുങ്ങുന്നത്.
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കൗണ്ടറിലും കൃഷി വകുപ്പിന്റെ സ്റ്റാൾ വഴിയും ഇറച്ചി വിൽക്കുകയാണ് ലക്ഷ്യം. നിലവിൽ 300 മുതൽ നാനൂറ് രൂപ വരയാണ് കിലോ വില. വളർത്താനായി ട‍ർക്കി കോഴിക്കുഞ്ഞുങ്ങളെ വാങ്ങാനും ആളുകളേറെയെത്തുന്നു. കുരീപ്പുഴയിലെ ഫാമിന്റെ സ്ഥലപരിമിതി കണക്കിലെടുത്ത് കൊല്ലം നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള കർഷകരെ കൂടി ഉൾപ്പെടുത്തി ഉപഗ്രഹ ഫാമുകൾ തുടങ്ങി പദ്ധതി വിപുലപ്പെടുത്താനാണ് സ‍ർക്കാർ ലക്ഷ്യമിടുന്നത്.