Saturday
10 January 2026
31.8 C
Kerala
HomeIndiaസ്ത്രീധനം ആവശ്യപ്പെട്ട് മേജർ ഭാര്യയുടെ വിരല്‍ മുറിച്ചു മാറ്റി

സ്ത്രീധനം ആവശ്യപ്പെട്ട് മേജർ ഭാര്യയുടെ വിരല്‍ മുറിച്ചു മാറ്റി

ലഖ്നോ: സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയുടെ വിരല്‍ മുറിച്ച സൈനിക മേജറിനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലാണ് സംഭവം.
മീററ്റിലെ 510 ആര്‍മി ബേസില്‍ കോര്‍പ്‌സ് ഓഫ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എഞ്ചിനീയേഴ്‌സിലെ ഉദ്യോഗസ്ഥനാണിയാള്‍. കൈവിരലിന് പരിക്കുമായി മേജറിന്‍റെ 30 വയസുകാരി ഭാര്യ പൊലീസിനെ സമീപിക്കുകയായിരുന്നു. ഭര്‍ത്താവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് അവര്‍ ആരോപിച്ചു.

യുവതിയുടെ പരാതിയില്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തതായി സദര്‍ ബസാര്‍ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്‌.ഒ ഡി.എസ്. റാവത്ത് അറിയിച്ചു. എന്നാല്‍, പ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും എസ്.എച്ച്‌.ഒ കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രതിക്കെതിരെ ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും കേസെടുക്കാന്‍ ഉത്തരവിട്ടതായി മീററ്റ് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ചന്ദ്രകാന്ത് മീണ പറഞ്ഞു.

എട്ട് വര്‍ഷമായി താന്‍ ഗാര്‍ഹിക പീഡനത്തിന് ഇരയാകുകയാണെന്ന് പരാതിക്കാരി ആരോപിച്ചു. “മാതാപിതാക്കള്‍ സ്ത്രീധനം ഉള്‍പ്പെടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി. എന്നാല്‍, സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. ഇത്തവണ പ്രകോപിതനായി അയാള്‍ എന്റെ വിരല്‍ മുറിച്ചുമാറ്റി.” മേജറുടെ ഭാര്യ പരാതിയില്‍ പറഞ്ഞു. 2014ല്‍ വിവാഹിതരായ ഇവര്‍ക്ക് അഞ്ച് വയസുള്ള മകനുണ്ട്.

ഇന്ത്യന്‍ നാവികസേനയില്‍ നിന്ന് വിരമിച്ച യുവതിയുടെ പിതാവ് പ്രതിക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചു. സംഭവത്തില്‍ കേസ് കൊടുക്കരുതെന്ന് പൊലീസ് ആദ്യം നിര്‍ദേശിച്ചതായി ഇദ്ദേഹം ആരോപിച്ചു. പ്രതിയുമായി ഒത്തുതീര്‍പ്പിലെത്താന്‍ പൊലീസ് പ്രേരിപ്പിച്ചെന്നും യുവതിയുടെ പിതാവ് പറഞ്ഞു

RELATED ARTICLES

Most Popular

Recent Comments