അക്ഷയ് കുമാര്‍ പ്രതിഫലമായി വാങ്ങിയ കോടികള്‍ പോലും ബോക്‌സ് ഓഫീസില്‍ നിന്ന് നേടാനാവാതെ സാമ്രാട്ട് പൃഥ്വിരാജ്

0
97

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്ബോഴും അക്ഷയ് കുമാര്‍ പ്രതിഫലമായി വാങ്ങിയ കോടികള്‍ പോലും ബോക്‌സ് ഓഫീസില്‍ നിന്ന് നേടാനാവാതെ സാമ്രാട്ട് പൃഥ്വിരാജ്.
ചിത്രം തിയേറ്ററില്‍ എത്തി ആറ് ദിവസം പിന്നിടുമ്ബോള്‍ 52 കോടി മാത്രമാണ് നേടാനായത്. എന്നാല്‍ ചിത്രത്തിനായി അക്ഷയ് കുമാര്‍ വാങ്ങിയ പ്രതിഫലം 60 കോടിയാണ്.

സിനിമയ്ക്കായ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരിക്കുന്നത് അക്ഷയ് കുമാര്‍ തന്നെയാണ്. ചിത്രത്തില്‍ നായികാ കഥാപാത്രമായി എത്തിയ മാനുഷി ചില്ലറിന്റെ പ്രതിഫലം ഒരു കോടി രൂപയാണ്. ലോക സുന്ദരിയായ മാനുഷിയുടെ ആദ്യ സിനിമയാണ് സാമ്രാട്ട് പൃഥ്വിരാജ്. മറ്റു പ്രധാന കഥാപാത്രങ്ങളായ സഞ്ജയ് ദത്തിന് അഞ്ച് കോടിയും സോനു സൂദിന് മൂന്ന് കോടിയും മാനവ് വിജിക്ക് പത്ത് ലക്ഷം രൂപയുമാണ് പ്രതിഫലമായി ലഭിച്ചത്. താരങ്ങളുടെ പ്രതിഫലം ഉള്‍പ്പെടെ 270-300 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ കൂപ്പു കുത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ കണക്ക് കൂട്ടിയാല്‍ പോലും ചിത്രം 100 കോടിയിലധികം നഷ്ടമുണ്ടാക്കുമെന്നും അനലിസ്റ്റുകള്‍ അറിയിക്കുന്നു. അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമാകും പൃഥ്വിരാജ് എന്നാണ് അനലിസ്റ്റുകളുടെ കണക്ക്കൂട്ടല്‍. പ്രേക്ഷകര്‍ ഇല്ലാത്ത കാരണത്താല്‍ പലയിടങ്ങളിലായി പല ഷോകളും ഒഴിവാക്കുന്ന സാഹചര്യമാണുണ്ടാകുന്നത്. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് സാമ്രാട്ട് പൃഥ്വിരാജിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. യാഷ് രാജ് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പൃഥ്വിരാജ് ചൗഹാന്‍ എന്ന കേന്ദ്രകഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിച്ചത്.