ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് സ്വര്‍ണ്ണവും പണവും കവര്‍ന്ന റെയില്‍വേ ജീവനക്കാരന്‍ അറസ്റ്റില്‍

0
87

കൊച്ചി: ആലുവയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ ഗോവന്‍ സ്വദേശിയായ റെയില്‍വേ ജീവനക്കാരന്‍ അറസ്റ്റില്‍. മാങ്കോര്‍ ഹില്‍ ഗുരുദ്വാര റോഡില്‍ മൗലാലി ഹബീബുല്‍ ഷെയ്ക്ക് (36) ആണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഗോവയിലെ വാസ്‌ക്കോയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഉച്ചയ്ക്ക് ഒന്നരയോടെ ബാങ്ക് ജംക്ഷനിലുളള സഞ്ജയ് എന്നയാളുടെ വീട്ടിലാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ എന്നും പറഞ്ഞ് അഞ്ച് പേര്‍ എത്തിയത്. ഇതില്‍ മൂന്നു പേര്‍ മലയാളികളും രണ്ട് പേര്‍ ഗോവന്‍ സ്വദേശികളുമാണ്. പരിശോധന നടത്തി വീട്ടില്‍ നിന്ന് അമ്പതു പവനോളം സ്വര്‍ണ്ണവും, ഒന്നരലക്ഷം രൂപയുമായി സംഘം കടന്നു കളഞ്ഞു. വീട്ടിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക്കും സംഘം കൊണ്ടുപോയി.

കൃത്യത്തിനു ശേഷം 2 പേര്‍ ബസിലും മൂന്നു പേര്‍ ഓട്ടോറിക്ഷയിലുമായി ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വന്നിറങ്ങി. തുടര്‍ന്ന് ഓട്ടോയിലും ബസിലുമായി അങ്കമാലിയിലെത്തി അവിടെ നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു. തലേദിവസം സംഘം ആലുവയിലെ ഒരു ലോഡ്ജില്‍ മുറിയെടുത്തിരുന്നു. രണ്ട് ഓട്ടോറിക്ഷയിലാണ് ഉച്ചയ്ക്ക് സംഘം വീടിന് സമീപത്ത് എത്തിയത്. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ ഗോവയില്‍ നിന്നും സാഹസികമായി പിടികൂടിയത്.

പൊലീസ് പിടികൂടുമെന്നായപ്പോള്‍ ഓടിരക്ഷപെടാന്‍ ശ്രമിച്ച ഇയാളെ പിന്തുടര്‍ന്നാണ് പിടികൂടിയത്. അന്വേഷണത്തിന് ഉയര്‍ന്ന പൊലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പ്രത്യേക ടീമായി തിരിഞ്ഞെന്നാണ് അന്വേഷണം നടക്കുന്നത്. ഡിവൈഎസ്പി പി.കെ.ശിവന്‍കുട്ടി, എസ്എച്ച്ഒ എല്‍.അനില്‍കുമാര്‍, എസ്‌ഐമാരായ വി.എല്‍.ആനന്ദ്, കെ.വി.നിസാര്‍, ഷാജു സിപിഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, എന്‍.എ.മുഹമ്മദ് അമീര്‍, ബെന്നി ഐസക്ക്, വി.എസ. രഞ്ജിത്, കെ.എം.മനോജ്, കെ.എ.ജാബിര്‍ എന്നിവരും അന്വേഷണ ടീമിലുണ്ടായിരുന്നു.