Wednesday
17 December 2025
26.8 C
Kerala
HomeWorldഇനി തേനീച്ച മത്സ്യമാണ്! ; തേനീച്ചയെ മത്സ്യങ്ങളുടെ കൂട്ടത്തിൽപ്പെടുത്തി കാലിഫോർണിയ കോടതി

ഇനി തേനീച്ച മത്സ്യമാണ്! ; തേനീച്ചയെ മത്സ്യങ്ങളുടെ കൂട്ടത്തിൽപ്പെടുത്തി കാലിഫോർണിയ കോടതി

തേനീച്ചയെ മത്സ്യങ്ങളുടെ വിഭാ​ഗത്തിൽപ്പെടുത്തി കാലിഫോർണിയ കോടതി. എന്ത് കൊണ്ട് തേനീച്ചയെ മത്സ്യങ്ങളുടെ നിരയിൽപ്പെടുത്തി എന്ന് നാം അത്ഭുതത്തോടെ ചിന്തിക്കും. എന്നാൽ അതിന് ഒരു കാരണവുമുണ്ട്. ബംബിൾ ബീ എന്നറിയപ്പെടുന്ന തേനീച്ചയിലെ വിഭാ​ഗത്തെയാണ് ഇപ്പോൾ കാലിഫോർണിയ കോടതി മത്സ്യങ്ങളുടെ വിഭാ​ഗത്തിലേക്ക് ഉൾപ്പെടുത്തിയത്. വംശനാശഭീഷണി നേരിടുന്ന ജീവികളെ നിയമപരമായി സംരക്ഷിക്കുന്നതിന് വേണ്ടിയാണ് തേനീച്ചകളുടെ കൂട്ടത്തിൽ നിന്നും ബംബിൾ ബീയെ മാത്രം തരംതിരിച്ച് മത്സ്യങ്ങളുെടെ വിഭാ​ഗത്തിലേയ്‌ക്ക് ചേർത്തിരിക്കുന്നത്.

ഇവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ 2018 മുതൽ ആരംഭിച്ച ഒന്നാണ്. ബംബിൾ ബീ വിഭാ​ഗത്തിലെ നാല് ഇനം തേനീച്ചകളെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെർസെസ് സൊസൈറ്റി ഫോർ ഇൻവെർട്ടെബ്രേറ്റ് കൺസർവേഷൻ, സെന്റർ ഫോർ ഫുഡ് സേഫ്റ്റി, ഡിഫൻഡേഴ്‌സ് ഓഫ് വൈൽഡ് ലൈഫ് എന്നീ സംഘടനകൾ കാലിഫോർണിയയെ സമീപിക്കുകയും നിവേദനം സമർപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2019 ൽ കാലിഫോർണിയ ഫിഷ് ആൻഡ് ഗെയിം കമ്മീഷൻ ബംബിൾ ബീ വിഭാ​ഗത്തിൽപ്പെടുന്ന നാലിനം തേനീച്ചകളെ വംശനാശ ഭീഷണി നേരിടുന്ന പട്ടികയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചു. നിർദ്ദേശത്തിന് പിന്നാലെ കാർഷിക സംഘടനകൾ കോടതിയെ സമീപിച്ചു.

കാർഷിക സംഘടനകൾ കോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാന വന്യജീവി ഉദ്യോ​ഗസ്ഥർക്കെതിരെ കേസ് നടത്തി. എന്നാൽ അവിടെ ഉയർന്ന പ്രധാന വാദം കാലിഫോർണിയ എൻഡാൻജേർഡ് സ്പീഷീസ് ആക്ട് പ്രകാരം സസ്യങ്ങൾ, ഉഭയജീവികൾ, ഉരഗങ്ങൾ, സസ്തനികൾ, പക്ഷികൾ, മത്സ്യങ്ങൾ എന്നിവയ്‌ക്ക് മാത്രമാണ് വംശനാശ ഭീഷണി നേരിടുന്നതായി അം​ഗീകരിക്കൂ എന്നതായിരുന്നു. തുടർന്നാണ് കീഴ് കോടതിയുടെ തീരുമാനത്തെ മറികടന്ന് കാലിഫോർണിയ അപ്പിൽ കോടതി തേനീച്ചകളെ സംരക്ഷിക്കാനായി വ്യത്യസ്ഥ തീരുമാനം കൈക്കൊണ്ടത്. വംശനാശ ഭീഷണി നേരിടുന്ന നാലുതരം ബംബിൾ ബീകളേയും വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളുടെ കൂട്ടത്തിൽപ്പെടുത്തി സംരക്ഷണം നൽകാൻ കോടതി തീരുമാനിച്ചു. കാലിഫോർണിയ ഫിഷ് ആൻഡ് ​ഗെയിം കോഡ് പ്രകാരം മൊളസ്കുകൾ( ചിപ്പി, കക്ക, കണവ), കവച ജന്തുവർ​ഗങ്ങൾ, നട്ടെല്ലില്ലാത്ത ജീവിവർ​ഗങ്ങൾ ഇവയെല്ലാം മത്സ്യങ്ങളുടെ നിരയിൽ ഉൾപ്പെടും. അതിന്റെ അടിസ്ഥാനത്തിലാണ് നാലുതരം ബംബിൾ ബീകളെയും സംരക്ഷിക്കുന്നതിനായ് മത്സ്യങ്ങളുടെ ​ഗണത്തിൽപ്പെടുത്തിയിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments