ഐ.പി.എല്‍ സംപ്രേഷണാവകാശം പിടിക്കാന്‍ മുകേഷ് അംബാനിയും ജെഫ് ബെസോസും

0
86

ലോകത്തിലെ ഏറ്റവും വലിയ ധനികരിലൊരാളാണ് മുകേഷ് അംബാനിയും ജെഫ് ബെസോസും. ഇരുവരും തമ്മിലുള്ള ഒരു പോരിന് വേദിയാകാനൊരുങ്ങുകയാണ് ക്രിക്കറ്റ് ലോകം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കങ്ങളിലൊന്നായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചാനല്‍ വിതരണ അവകാശത്തിനായി അംബാനിയും ബെസോസും പോരടിക്കും.
ജൂണ്‍ 12 ന് ബി.സി.സി.ആയുടെ നേതൃത്വത്തില്‍ നടക്കുന്ന മേഗാ ലേലത്തില്‍ ഐ.പി.എല്ലിന്റെ സംപ്രേഷണാവകാശം നേടിയെടുക്കാനായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പും ജെഫ് ബെസോസിന്റെ അധീനതയിലുള്ള ആമസോണും മത്സരിക്കും. 7.7 ബില്യണ്‍ ഡോളറോളം (ഏകദേശം 59000 കോടി രൂപ) ലേലത്തിനായി ചെലവിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ലേലത്തില്‍ വിജയിക്കുന്നവര്‍ക്ക് അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഐ.പി.എല്ലിന്റെ സമ്പൂര്‍ണ വിതരണാവകാശം (ചാനല്‍, ഓണ്‍ലൈന്‍) ലഭിക്കും. റിലയന്‍സിനും ആമസോണിനും പുറമേ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ കമ്പനിയും ലേലത്തിനായി മുന്നിലുണ്ട്.
നിലവില്‍ ഹോട്‌സ്റ്റാറിലൂടെയാണ് ഐ.പി.എല്‍ സംപ്രേഷണം ചെയ്യുന്നത്. 2017-ല്‍ 163 ബില്യണ്‍ രൂപ മുടക്കിയാണ് ഹോട്‌സ്റ്റാര്‍ ഐ.പി.എല്ലിന്റെ സംപ്രേഷണാവകാശം നേടിയെടുത്തത്. ഇത്തവണ അതിന്റെ മൂന്നിരട്ടി കാശ് മുടക്കാന്‍ കമ്പനികള്‍ മുന്നിട്ടിറങ്ങുമെന്നാണ് ബി.സി.സി.ഐയുടെ പ്രതീക്ഷ.