ഇടുക്കി ജില്ലയിൽ എൽഡിഎഫ് ഹർത്താൽ; ഹൈറേഞ്ച് മേഖലയിൽ ബസ് സർവീസില്ല

0
73

ഇടുക്കി: സംരക്ഷിത വനമേഖലയ്ക്ക്‌ ചുറ്റും ഒരു കിലോമീറ്റര്‍ വീതിയിൽ പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീം കോടതി നിർദേശത്തിനെതിരെ ഇടുക്കിക്കിയിൽ എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ഇതുവരെ കടകളൊന്നും തുറന്നിട്ടില്ല.

ഹൈറേഞ്ച് മേഖലയിൽ കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. ചില സ്വകാര്യ ടാക്സി വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങുന്നത്. തൊടുപുഴയിൽ നിന്നുള്ള ദീർഘദൂര കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഓടുന്നുണ്ട്. നിർബന്ധിച്ച് ആളുകളെ മടക്കി അയക്കലോ നിർബന്ധിപ്പിച്ച് കട അടപ്പിക്കലോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഹൈറേഞ്ച് സംരക്ഷണ സമിതി അടക്കം സമരത്തിലേക്ക് നീങ്ങുകയാണ്. 16ന് യുഡിഎഫും ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെടുന്നത്. കോടതിവിധി ഇടുക്കി ജില്ലയിലെ ജനവാസ മേഖലകളെയാണ്‌ ഏറെ ഗുരുതരമായി ബാധിക്കുന്നത്‌. നാല്‌ ദേശീയോദ്യാനങ്ങളും പെരിയാർ ഉൾപ്പെടെ നാല്‌ വന്യജീവിസങ്കേതങ്ങളും ഇടുക്കി ജില്ലയിലാണ്‌. മാത്രമല്ല ഭൂ വിസ്‌തൃതിയുടെ കൂടുതൽ ഭാഗവും ഇവിടെ വനമായുണ്ട്‌. ഭൂ പ്രശ്‌നങ്ങൾക്കും വിപത്തുകൾക്കും തുടക്കമിട്ടത്‌ കേന്ദ്രത്തിൽ കോൺഗ്രസ്‌ സർക്കാർ അധികാരത്തിലിരുന്നപ്പോഴാണെന്ന്‌ സിപിഐഎം നേതാക്കൾ ആരോപിക്കുന്നു. ജറയാം രമേശ് 2011 ൽ വനം പരിസ്ഥിതി മന്ത്രിയായിരിക്കെ വന്യജീവി സംരക്ഷണത്തിന്റെ പേരിൽ പുറത്തിറക്കിയ ഉത്തരവ് നടപ്പാക്കാനാണ് ഇപ്പോൾ സുപ്രീം കോടതി ഉത്തരവിട്ടിട്ടുളളത്.