ലക്ഷദ്വീപിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് ഹെലികോപ്റ്ററിൽ ദാരുണാന്ത്യം

0
78

കൊച്ചി: ലക്ഷദ്വീപിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റയാൾ ചികിത്സ വൈകിയത് മൂലം മരിച്ചതായി പരാതി. ചെത്തലത്ത് ദ്വീപ് സ്വദേശി അബ്ദുൾ ഖാദറാണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് അബ്ദുൾ ഖാദറും സുഹൃത്ത് ഇബ്രാഹിമും അപകടത്തിൽപ്പെട്ടത്. ഇരുവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി മരത്തിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ സാരമായി പരിക്കേറ്റെങ്കിലും ലക്ഷദ്വീപിൽ നിന്നും ഇരുവരേയും കൊച്ചിയിലേക്ക് കൊണ്ടു വന്നത് അപകടം നടന്ന് 16 മണിക്കൂർ കഴിഞ്ഞ് ഇന്നലെ ഉച്ചയോടെയാണ്.
ലക്ഷദ്വീപിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേയാണ് അബ്ദുൾ ഖാദർ മരണപ്പെട്ടത്. ഇബ്രാഹിമിനെ ഗുരുതരാവസ്ഥയിൽ എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ ഒരു മണിയോടെയാണ് അബ്ദുൾ ഖാദർ മരണപ്പെട്ടതെന്നാണ് വിവരം. ലക്ഷദ്വീപിലെ പുതിയ ഭരണകൂടം നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങളെ തുടർന്ന് ദ്വീപ് നിവാസികൾക്ക് കൃത്യമായി ചികിത്സ കിട്ടുന്നില്ലെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. പിന്നീട് ഈ വിഷയത്തിൽ ഹൈക്കോടതി ഇടപെടുകയും ചികിത്സ നൽകുന്നതിനുളള കൃത്യമായ മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.