സൈഡ് റോളില്‍ നിന്ന് സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക്, നയന്‍സിന്റെ കരിയര്‍ പോളിസികള്‍

0
76

തെന്നിന്ത്യന്‍ താരറാണി നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും വിവാഹമായിരുന്നു ഇന്ന്. സിനിമാ ലോകത്ത് താരവിവാഹം വലിയ വാര്‍ത്തയായിരിക്കുകയാണ്. 19 വര്‍ഷക്കാലമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ തന്നെ അപൂര്‍വ കാഴ്ചയാണ് ഇത്. നടിയുടെ അമ്പരപ്പിച്ച കരിയര്‍ വളര്‍ച്ചയും താരപ്രൗഡിയും അസൂയാവാഹമായാണ് പലരും കരുതുന്നത്. ആദ്യ കാലത്ത് വിവാദങ്ങളും വീഴ്ചകളും നയന്‍സിന്റെ കരിയറില്‍ നിറഞ്ഞുനിന്നിരുന്നു. അവിടെ നിന്ന് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന സ്ഥാനത്തേക്കുള്ള കുതിപ്പാണ് നയന്‍സിന്റെ ജീവിതത്തെ ആകാംക്ഷയോടെ എല്ലാവരും നോക്കിക്കാണുന്നത്. നയന്‍താരയെ ഗ്ലാമറസ് നടിയില്‍ നിന്നും ബോക്‌സ് ഓഫീസ് മൂല്യമുള്ള നടിയെന്ന പേര് നേടാന്‍ സഹായിച്ചത് 2015-16 കളിലായി പുറത്തിറങ്ങിയ മായ, വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍, തനി ഒരുവന്‍, ഇരു മുഖന്‍ തുടങ്ങിയ ചിത്രങ്ങളുടെ വന്‍ വിജയമാണ്. കൊലമാവ് കോകില, ഇമ്മൈഗ നൊഡികള്‍ തുടങ്ങിയ ചിത്രങ്ങളുടെ വന്‍ വിജയവും നടിയെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കെത്തിച്ചു. ഇതിലൂടെ പുരുഷ സൂപ്പര്‍ താരങ്ങളില്ലാതെ തന്നെ ഒരു സിനിമയെ ബോക്‌സ് ഓഫീസ് ഹിറ്റാക്കാന്‍ കഴിയുമെന്ന് നയന്‍സ് വീണ്ടും തെളിയിച്ചു.

തെന്നിന്ത്യയില്‍ തുടര്‍ച്ചയായി നീണ്ട 19 വര്‍ഷം സിനിമകളില്‍ നായികയായി തിളങ്ങിയ മറ്റൊരു നടിയില്ല. നായികയുടെ ഐഡന്റിറ്റിയില്‍ സിനിമകള്‍ സൂപ്പര്‍ ഹിറ്റുകളായി. നടി ഈ റിപ്പീറ്റഡ് ഫേസ് വാല്യു നടി സ്വന്തമാക്കിയത് സിനിമകളുടെ വിജയത്തിനപ്പുറം വളരെ തന്ത്രപരമായാണ്. കരിയറിന്റെ ആദ്യ കാലങ്ങളില്‍ നായകന്റെ നിഴലില്‍ ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു നയന്‍സ് ചെയ്തിരുന്നത്. അപ്പോള്‍ തന്നെയും ചില ശാഠ്യങ്ങള്‍ നടിയ്ക്ക് ഉണ്ടായിരുന്നു. ആദ്യ കാലങ്ങളില്‍ സൂപ്പര്‍താര ചിത്രങ്ങളിലെ നായികയാവാന്‍ നടി തയ്യാറായിരുന്നുവെങ്കിലും ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് പങ്കെടുത്തിരുന്നില്ല. താന്‍ പ്രൊമോഷന്‍ പരിപാടികള്‍ക്ക് എത്തില്ലെന്ന് ഒരു സിനിമയ്ക്ക് ഒപ്പു വെക്കുബോൾ തന്നെ നിര്‍മാതാക്കളുമായി നയന്‍സ് ധാരണയിലാവും. സിനിമ അടിമുടി നായകനെ മുന്‍നിര്‍ത്തിയാണ്. രണ്ട് പാട്ടിലും കുറച്ചു സീനുകളിലുമുള്ള നായിക അതിന് പ്രെമോഷന്‍ ചെയ്യേണ്ടെന്നായിരുന്നു നയന്‍സിന്റെ തീരുമാനമെന്നായിരുന്നു അന്നത്തെ സൂചനകള്‍.

പരസ്യങ്ങള്‍ക്കും നയന്‍സ് അധികം മുഖം കൊടുത്തില്ല. നയന്‍സിന്റെ ഈ പോളിസികള്‍ക്ക് മറ്റു ചില കാരണങ്ങളും ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തമിഴ് ചാനലിന് കൊടുത്ത അഭിമുഖത്തില്‍ നടി ഇതേ കുറിച്ച്‌ തുറന്നു പറഞ്ഞിട്ടുണ്ട്. അഭിമുഖങ്ങളിലോ പരസ്യങ്ങളിലോ എന്ത് കൊണ്ട് കൂടുതലായി കാണുന്നില്ലെന്ന അവതാരകയുടെ ചോദ്യത്തിനാണ് നയന്‍സ് മറുപടി നല്‍കിയത്. ‘പത്ത് വര്‍ഷത്തിലേറെയായി സിനിമയിലുള്ള ആളാണ് ഞാന്‍. കൂടെ കൂടെ പരസ്യങ്ങളിലും അഭിമുഖങ്ങളിലും വന്ന് കൊണ്ടിരുന്നാല്‍ പ്രേക്ഷകര്‍ക്ക് മടുക്കും. അതിനാല്‍ ബോധപൂര്‍വം തന്നെ താന്‍ മാറി നില്‍ക്കുന്നതാണെന്നായിരുന്നു നയന്‍സിന്റെ അന്നത്തെ മറുപടി. നീണ്ട 19 വര്‍ഷ സിനിമാ കരിയറില്‍ നയന്‍താര നല്‍കിയ അഭിമുഖങ്ങളെടുത്താല്‍ വിരലിലെണ്ണാവുന്നത് മാത്രമാണ്. സൂപ്പര്‍താര പദവിയിലെത്തിയതിന് ശേഷമാണ് പരസ്യങ്ങളിലും മറ്റും നയന്‍സ് കൂടുതലും പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. മറ്റുള്ളവരില്‍ നിന്ന് അനാവശ്യമായി ഉപദേശം സ്വീകരിക്കാതിരിക്കലാണ് നയന്‍സിന്റെ മറ്റൊരു രീതി. ഉപദേശങ്ങള്‍ തനിക്കിഷ്ടമല്ലെന്ന്് നയന്‍സ് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.