കേരള സര്‍വകലാശാല മുന്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറും കായിക അധ്യാപകനുമായ പത്രോസ് മത്തായി അന്തരിച്ചു

0
86

തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറും കായിക അധ്യാപകനുമായ പത്രോസ് മത്തായി അന്തരിച്ചു. 87 വയസ്സായിരുന്നു. ഏഷ്യന്‍ ഗെയിംസും ദേശീയ ഗെയിംസുകളും അടക്കമുള്ളവയുടെ സംഘാടനത്തില്‍ പ്രധാന പങ്കുവഹിച്ച പത്രോസ് മത്തായി സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരള സര്‍വകലാശാലാ കായിക വകുപ്പ് മേധാവി, ഡല്‍ഹി ഏഷ്യന്‍ ഗെയിംസ് സാങ്കേതിക വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി, ചെന്നൈ വൈ.എം.സി.എ. കോളജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍, സായ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തുടങ്ങി ഒട്ടേറെ ഉന്നത പദവികള്‍ പത്രോസ് മത്തായി അലങ്കരിച്ചിട്ടുണ്ട്.
ഗ്വാളിയോറില്‍ ലക്ഷ്മിഭായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ് ആരംഭിക്കുമ്പോള്‍ അവിടത്തെ ആദ്യ വിദ്യാര്‍ത്ഥികളിലൊരാളായിരുന്നു പത്രോസ് മത്തായി. ആലുവ യു.സി.കോളേജിലെ ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍ അംഗമായിരുന്ന പത്രോസ് മത്തായിയെ അവിടത്തെ കായിക അധ്യാപകനാണ് എല്‍.എന്‍.സി.പി.ഇയിലേക്ക് തിരിച്ചുവിട്ടത്. തുടര്‍ന്ന് ജര്‍മനിയില്‍ നിന്ന് ഫിസിക്കല്‍ എജ്യുക്കേഷനില്‍ എം.എസ്്.സിയും ഡിപ്ലോമയും നേടിയ ഇദ്ദേഹം കായിക അധ്യാപകന്‍ എന്ന നിലയില്‍ കീര്‍ത്തി നേടി.
കേരള കാര്‍ഷിക സര്‍വകലാശാല, ഗ്വാളിയര്‍ എല്‍.എന്‍.സി.പി.ഇ എന്നിവിടങ്ങളില്‍ ലക്ചററായാണ് അദ്ദേഹം കായിക അധ്യാപന ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് ചെന്നൈ വൈ.എം.സി.എ കോളേജ് ഓഫ് എജ്യുക്കേഷനിലെ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചു. കേരള സര്‍വകലാശാലയിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം ഡയറക്ടറും ഡീനുമായും സേവമനമനുഷ്ഠിച്ചിട്ടുണ്ട്.
1982-ല്‍ ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന ഏഷ്യന്‍ ഗെയിംസിന്റെ ടെക്‌നിക്കല്‍ കമ്മിറ്റി ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു. 1987-ല്‍ കേരളത്തില്‍ നടന്ന ആദ്യ ദേശീയ ഗെയിംസിന്റെ ടെക്‌നിക്കല്‍ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തതും പത്രോസ് മത്തായിയെ ആയിരുന്നു. ഈ സമയത്താണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ സിന്തറ്റിക്ക് ട്രാക്ക് പണിയുന്നത്. ഇതുവഴി ഇന്ത്യയിലാദ്യമായി സിന്തറ്റിക്ക് ട്രാക്ക് പണിത സര്‍വകലാശാല എന്ന നേട്ടം പാളയത്തെ സ്റ്റേഡിയം സ്വന്തമാക്കി.
കേരള സര്‍വകലാശാലയിലെ സേവനത്തിനിടെ സായിയിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയ പത്രോസ് 1988 മുതല്‍ 1991 വരെ എക്‌സിക്യുട്ടീവ് ഡയറക്ടറായും 1990-91 കാലഘട്ടത്തില്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1987-ലെ ദേശീയ ഗെയിംസിന്റെ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയ കായിക സമിതിയുടെ കണ്‍വീനര്‍ കൂടിയാണ് പത്രോസ് മത്തായി. 2015-ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിന്റെ ടെക്‌നിക്കല്‍ കമ്മിറ്റിയില്‍ അംഗമായിരുന്നുവെങ്കിലും ഗെയിംസിലെ അപാകതകള്‍ മൂലം അദ്ദേഹം സ്ഥാനത്തുനിന്ന് പിന്മാറി.
പത്തനംതിട്ട സ്വദേശിയായ പത്രോസ് മത്തായി തിരുവനന്തപുരം നന്തന്‍കോട് വൈ.എം.ആര്‍ ജങ്ഷനില്‍ മഴുവഞ്ചേരി മഠത്തിലാണ് താമസിച്ചത്. ഭാര്യ അച്ചാമ്മ മത്തായി. മക്കള്‍ വിനു പത്രോസ് മത്തായി, പ്രീയ തോമസ്.