യുക്രൈയിനായി റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നതിടെ പിടിയിലായ മൂന്നു വിദേശികള്‍ക്ക് വധശിക്ഷ

0
64

യുക്രൈയിനായി റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നതിടെ പിടിയിലായ മൂന്നു വിദേശികള്‍ക്ക് വധശിക്ഷ. രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ക്കും ഒരു മൊറോക്കന്‍ പൗരനുമാണ് റഷ്യന്‍ അനുകൂല വിഘടനവാദികള്‍ ഭരിക്കുന്ന കിഴക്കന്‍ യുക്രൈനിലെ കോടതി വധശിക്ഷ വിധിച്ചത്.
ഫെബ്രുവരി 24ന് യുക്രൈനില്‍ റഷ്യ അധിനിവേശം തുടങ്ങിയ ശേഷം ആദ്യമായാണ് വിദേശ പൗരന്മാര്‍ക്ക് ശിക്ഷ വിധിക്കുന്നത്. എയ്ഡന്‍ അസ്‌ലിന്, ഷോണ്‍ പിന്നെര്‍ എന്നീ ബ്രിട്ടീഷുകാര്‍ക്കും സാദൂന്‍ ബ്രാഹിം എന്ന മൊറോക്കന്‍ പൗരനുമാണ് ശിക്ഷ നേരിടേണ്ടിവരിക. സ്വയം പ്രഖ്യാപിത ഡോണ്‍സ്‌റ്റെക് പീപ്പിള്‍സ് റിപ്പബ്ലിക്(ഡി.പി.ആര്‍) സുപ്രിംകോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. റഷ്യന്‍ വിമതര്‍ ഭരിക്കുന്ന ഈ പ്രദേശത്തെ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല.

അധികാരം പിടിച്ചെടുക്കല്‍, ഭീകരപ്രവര്‍ത്തന പരിശീലനം തുടങ്ങിയവക്കെതിരെയുള്ള ഡിപിആര്‍ ലീഗല്‍ കോഡിന്റെ നാലാം ആര്‍ട്ടികിള്‍ ലംഘിച്ചതായി ചൂണ്ടിക്കാണിച്ചാണ് ശിക്ഷാനടപടി. കൂലിപ്പടയാളികളായ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം പൊതുജനങ്ങളുടെ മരണത്തിനും അവര്‍ക്ക് മുറിവേല്‍ക്കുന്നതിനും കാരണമായിട്ടുണ്ടെന്ന് കോടതി വിലയിരുത്തി.

മൂന്ന് പേരും തങ്ങള്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സമ്മതിച്ചതായി റഷ്യയുടെ ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഫൈറിങ് സ്‌ക്വാഡിന് മുമ്ബില്‍ നിന്ന് ഇവര്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രതികളുടെ അഭിഭാഷകന്‍ പറഞ്ഞു. ഇതിനായി ഒരു മാസം സമയമെടുത്തേക്കും. വിദേശ പോരാളികളെ തേടി റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡ്മിര്‍ പുടിനും യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമര്‍ സെലന്‍സ്‌കിയും രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി പേരാണ് ഇരു രാജ്യങ്ങളുടെയും പടയില്‍ അണി നിരന്നത്.

എന്നാല്‍ പിന്നെറും അസ്‌ലിനും കൂലിപ്പടയാളികളല്ലെന്നും ദീര്‍ഘകാലമായി യുക്രൈന്‍ സൈനികരാണെന്നുമാണ് ബന്ധുക്കള്‍ അവകാശപ്പെടുന്നത്. ഏപ്രില്‍ മധ്യത്തില്‍ മരിയുപോള്‍ ആക്രമണത്തിനിടെയാണ് ഇവര്‍ റഷ്യന്‍ അനുകൂലികളുടെ പിടിയിലായത്. ഇരുവരുടെയും മോചനത്തിനായി തങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ വക്താവ് അറിയിച്ചു. വോള്‍നോവാഖയില്‍ വെച്ചാണ് സാദൂന്‍ കുടുങ്ങിയത്. ഡിപിആറിന് പുറമേ ലുഹാന്‍സ്‌ക് പീപ്പിള്‍ റിപ്പബ്ലിക് (എല്‍.പി.ആര്‍) എന്ന പേരില്‍ മറ്റൊരു വിമത പ്രദേശവും റഷ്യക്ക് അനുകൂല നിലപാടുമായി യുക്രൈനില്‍ നിലകൊള്ളുന്നുണ്ട്.

അതിനിടെ, സോവിയറ്റ്, റഷ്യന്‍ നിര്‍മിത ആയുധങ്ങള്‍ക്ക് പകരം ഇതര സഖ്യ രാജ്യങ്ങളുടെ ആയുധം ഉപയോഗിക്കുന്നതിലേക്ക് യുക്രൈന്‍ മാറുകയാണെന്ന് യു.എസ് മിലിട്ടറി അറിയിച്ചു. ഇതിനായി പ്രത്യേക പരിശീലനം തുടങ്ങിയിരിക്കുകയാണ്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രൈന്റെ കൈവശം അവര്‍ നിര്‍മിച്ച ആയുധങ്ങളാണുണ്ടായിരുന്നത്. റഷ്യ അധിനിവേശം തുടങ്ങിയതോടെ അവ ഉപയോഗിച്ചു കഴിഞ്ഞിരിക്കുകയാണ്. ചിലതൊക്കെ നശിപ്പിക്കപ്പെട്ടിരിക്കുകയുമാണ്.