നിര്‍ണായകമായ രാജ്യസഭ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ്

0
75

ദില്ലി: നിര്‍ണായകമായ രാജ്യസഭ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ്. 15 സംസ്ഥാനങ്ങളിലെ poഅന്‍പത്തിയേഴ് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പെങ്കിലും നാല് സംസ്ഥാനങ്ങളിലാണ് കടുത്ത പോരാട്ടം. കര്‍ണാടകത്തില്‍  ജെഡിഎസ് എംഎല്‍എ  കോണ്‍ഗ്രസിന് വോട്ട് ചെയ്തു. റിസോര്‍ട്ടുകളിലുള്ള എംഎല്‍എമാരെ നിയമസഭയിലേക്ക് മാറ്റിയതിന് പിന്നാലെ മറുകണ്ടം ചാടല്‍ ഭയന്ന് രാജസ്ഥാനില്‍ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു.
രാവിലെ ഒന്‍പത് മണിമുതല്‍ തുടങ്ങിയ വോട്ടെടുപ്പില്‍ ഉച്ചവരെ പല  സംസ്ഥാനങ്ങളിലും  പോളിംഗ് ശതമാനം 70 കടന്നു. 11 സംസ്ഥാനങ്ങളില്‍ എതിരില്ലാത്തതിനാല്‍ 41 സ്ഥാനാര്‍ത്ഥികള്‍ ഇതിനോടകം ജയിച്ചു കഴിഞ്ഞു.  മഹാരാഷ്ട്രയിലെ 6 സീറ്റുകളിലും, രാജസ്ഥാന്‍, കര്‍ണാടക എന്നിവിടങ്ങളിലെ നാല് വീതം സീറ്റുകളിലും, ഹരിയാനയിലെ രണ്ട് സീറ്റുകളിലുമാണ് മത്സരം കടുക്കുന്നത്.  ഇതില്‍ ബിജെപി 6 സീറ്റുകളിലും, കോണ്‍ഗ്രസ് നാല് സീറ്റുകളിലും, ശിവസേന, എന്‍സിപി പാര്‍ട്ടികൾ ഓരോ സീറ്റിലും ജയം ഉറപ്പിച്ചു. രാജസ്ഥാനിലെ മൂന്നാമത്തെ സീറ്റില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ 15 വോട്ടുകള്‍ കൂടി അധികം വേണം. 13 സ്വതന്ത്രരുടെ പിന്തുണ ഇതിനോടകം കിട്ടിയതായി കോണ്‍ഗ്രസ് അവകാശപ്പെട്ടു. ബിടിപിയും, സിപിഎമ്മും കൂടി പിന്തുണച്ചാല്‍ ജയം ഉറപ്പിക്കാമെന്നാണ് കോണ്‍ഗ്രസിന്‍റെ അവകാശവാദം. ഹരിയാനയില്‍ വലിയ വെല്ലുവിളി നേരിടുന്ന അജയ് മാക്കന് കോണ്‍ഗ്രസിന്‍റെ മുഴുവന്‍ വോട്ടുകളും കിട്ടിയാല്‍ ജയിക്കാനാകും. പ്രതിഷേധമുയര്‍ത്തിയ കുല്‍ദീപ് ബിഷ്ണോയി എംഎല്‍എയെ രാഹുല്‍ ഗാന്ധി ഇടപെട്ട് അനുനയിപ്പിച്ചിട്ടുണ്ട്. ഈ രണ്ടിടങ്ങളിലും സ്വതന്ത്രന്മാരായി ഇറക്കിയ മാധ്യമ ഉടമകളെ,  ചെറുപാര്‍ട്ടികളുടെ പിന്തുണ കിട്ടിയാല്‍ വിജയിപ്പിക്കാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.
മഹാരാഷ്ട്രയിലെ ആറാമത്തെ സീറ്റില്‍ ശിവസേന-ബിജെപി പോരാട്ടം കടുക്കുകയാണ്. മഹാവികാസ് അഘാഡിയുടെ മുഴുവന്‍ വോട്ടുകളും കിട്ടിയാല്‍ സീറ്റ് പിടിക്കാമെന്നാണ് ശിവസേനയുടെ പ്രതീക്ഷ.  ഇഡി, സിബിഐ കേസുകളില്‍  ജാമ്യം കിട്ടാത്തതിനാല്‍ എന്‍സിപി നേതാക്കളായ നവാബ് മാലിക്ക്, അനില്‍ ദേശ്‍മുഖ് എന്നീ നേതാക്കള്‍ വോട്ട് ചെയ്തില്ല. കര്‍ണാടകത്തില്‍ നാലാംസീറ്റില്‍ ത്രികോണ പോരാട്ടം കടുക്കുകയാണ്. ജെഡിഎസും, കോണ്‍ഗ്രസും ബിജെപിയും ഓരോ സ്ഥാനാര്‍ത്ഥികളെ ഇറക്കിയിട്ടുണ്ട്. ജെഡിഎസ് ക്രോസ് വോട്ട് ചെയ്താല്‍ രണ്ടാമത്തെ സീറ്റില്‍ കൂടി ജയിക്കാമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. വൈകീട്ട് അഞ്ച് മണിയോടെ ഫലമറിയാനാകും.