Thursday
18 December 2025
24.8 C
Kerala
HomeIndiaപബ്‌ജി കളിക്കുന്നത് തടഞ്ഞതിന് അമ്മയെ വെടിവച്ച്‌ കൊന്ന സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

പബ്‌ജി കളിക്കുന്നത് തടഞ്ഞതിന് അമ്മയെ വെടിവച്ച്‌ കൊന്ന സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

ലഖ്‌നൗ: പബ്‌ജി കളിക്കുന്നത് തടഞ്ഞതിന് 16കാരന്‍ അമ്മയെ വെടിവച്ച്‌ കൊന്ന സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.
പൊലീസ് ചോദ്യം ചെയ്യലിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ 16കാരന്‍ വെളിപ്പെടുത്തിയത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം സംസ്‌കരിക്കാന്‍ സുഹൃത്തിന് 5000 രൂപ വാഗ്‌ദാനം ചെയ്തതായാണ് കൗമാരക്കാരന്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ സഹായിക്കാന്‍ തയ്യാറാകാതിരുന്ന സുഹൃത്തിനെ 16കാരന്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ചൊവ്വാഴ്‌ചയാണ് കുട്ടി സുഹൃത്തിനെ ഭീഷണിപ്പെടുത്തിയത്.

അമ്മ എന്നെ ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ അനുവദിച്ചിരുന്നില്ല. എന്നെ തല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍ എനിക്ക് വിഷം തന്ന് കൊല്ലുമെന്ന് പറഞ്ഞിരുന്നു. അതിനാല്‍ ഞാന്‍ ഭയന്ന് അമ്മ ഉറങ്ങി കിടന്നപ്പോള്‍ അച്ഛന്‍റെ തോക്ക് എടുത്ത് അമ്മയുടെ തലയില്‍ വെടി വയ്ക്കുകയായിരുന്നു എന്നാണു 16-കാരന്‍ പൊലീസിന് നല്‍കിയ മൊഴി.എനിക്ക് ജയിലില്‍ കിടക്കാന്‍ പേടി ഇല്ലെന്നും കുട്ടി പറഞ്ഞതായി പോലീസ് പറയുന്നു. അച്ഛന്‍ അമ്മയെ കൊന്നിരുന്നെങ്കില്‍ നീ എന്ത് ചെയ്യുമായിരുന്നു എന്ന് പൊലീസിന്‍റെ ചോദ്യത്തിന് അച്ഛനെ ഞാന്‍ കൊല്ലുമോ ഇല്ലയോ എന്ന് എനിക്കറിയില്ല ആ സാഹചര്യം അനുസരിച്ച്‌ ഞാന്‍ തീരുമാനിക്കും എന്നായിരുന്നു കുട്ടിയുടെ മറുപടി.

ശനിയാഴ്‌ചയാണ് മകന്‍ അമ്മയെ വധിച്ചത്. ചൊവ്വാഴ്‌ച രാത്രി പകുതി അഴുകിയ നിലയിലാണ് പൊലീസ് വീട്ടമ്മയുടെ മൃതദേഹം വീട്ടില്‍ നിന്ന് കണ്ടെടുത്തത്. കൊലപാതകശേഷം മൃതദേഹം ഒരു മുറിയില്‍ ഒളിപ്പിക്കുകയായിരുന്നു. മൃതദേഹത്തില്‍ നിന്നുള്ള ദുര്‍ഗന്ധമകറ്റാന്‍ റൂം ഫ്രഷ്‌നര്‍ ഉപയോഗിച്ചു. കൊലപാതകത്തെ കുറിച്ച്‌ ആരോടും പറയരുതെന്ന് 9 വയസുകാരിയായ സഹോദരിയെ ഭീഷണിപ്പെടുത്തുകയും മറ്റൊരു മുറിയില്‍ പൂട്ടിയിടുകയും ചെയ്‌തു.ചൊവ്വാഴ്‌ച വൈകുന്നേരം ദുര്‍ഗന്ധം രൂക്ഷമായപ്പോള്‍ മകന്‍ പിതാവിനോട് വ്യാജകഥ മെനഞ്ഞ് അമ്മ മരിച്ചതായി അറിയിക്കുകയായിരുന്നു. പിതാവ് അയല്‍വാസികള്‍ വഴി പൊലീസില്‍ വിവരം അറിയിച്ചുവെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. കുട്ടി ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments