ഭക്ഷണ പ്രിയരാണ് മിക്കവരും. പല സ്ഥലങ്ങളിൽ പോയി വിവിധ രുചികൾ അറിയണമെന്ന് ആഗ്രഹിക്കുന്നവർ. അങ്ങനെയുള്ളവരോട്… വെറൈറ്റിക്ക് ഒരു സ്വർണ്ണ ബർഗർ കഴിച്ചാലോ?? ഇതാണിപ്പോൾ കൊളംബിയയിലെ സംസാരവിഷയം. കൊളംബിയയിലെ ബുക്കാറമംഗയിലെ റെസ്റ്റോറന്റായ ടോറോ മക്കോയിലാണ് സ്വർണ്ണ ബർഗർ ലഭിക്കുന്നത്. ഒറിജിനൽ സ്വർണ്ണം തന്നെയാണ് ബർഗറിലെ താരം. റസ്റ്റോറെന്റിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ബർഗർ ഇപ്പോൾ വൈറൽ താരമാണ്. ഈ സ്വർണ ബർഗറിന്റെ പേര് ഒറോ മകോയ് എന്നാണ്. മരിയ പൗല എന്ന ഷെഫാണ് ഈ കൗതുക ബർഗറിന്റെ ശില്പി.
സാധാരണ ബർഗറിലേതിനെക്കാൾ വ്യത്യസ്തമായാണ് ബർഗർ ഉണ്ടാക്കുന്നത്. ഇറച്ചി, ചീസ്, എന്നിവ ഉപയോഗിച്ചു തയാറാക്കിയ ബർഗറിനു മുകളിൽ 24 കാരറ്റ് ‘സ്വർണക്കടലാസ്’ ചൂടാക്കി വെക്കുകയാണ് ചെയ്യുന്നത്. ബർഗറിനു മുകളിൽ ചുറ്റുന്ന സ്വർണം ഉരുകിയൊലിക്കുമ്പോഴാണ് ബർഗറിന് ഭംഗിയും തിളക്കവും ലഭിക്കുന്നത്. ബർഗർ കഴിക്കേണ്ടതെങ്ങിനെയെന്ന കൃത്യമായ നിർദ്ദേശങ്ങളും റെസ്റ്റോറൻന്റിൽ നിന്ന് പറഞ്ഞുതരും.
ഇനി സ്വർണം കലർന്ന ഈ ബർഗറിന്റെ വില അറിയണ്ടേ.. അൻപത്തൊൻപതു ഡോളർ. അതായത് ഇന്ത്യൻ രൂപ നാലായിരം. ഇത് ലോകത്തിലെ ഏറ്റവും ചെലവേറിയ ബർഗർ അല്ല. 295 ഡോളർ വിലവരുന്ന ലോകത്തിലെ ഏറ്റവും ചെലവേറിയ ബർഗർ നിർമിച്ച റെക്കോർഡ് ന്യൂയോർക്കിലെ റെസ്റ്റോറന്റിനു സ്വന്തമാണ്. ഭക്ഷണപ്രമികളെ ആകർഷിക്കുന്ന സ്വർണം ചേർത്ത വിഭവങ്ങളും പാനീയങ്ങളും വിളമ്പുന്ന മറ്റു റെസ്റ്ററന്റുകളും നിരവധിയാണ്. എന്താണെങ്കിലും ഭക്ഷണപ്രിയരെല്ലാം സന്തോഷത്തിലാണ്.