Saturday
20 December 2025
21.8 C
Kerala
HomeKeralaയുവ നടിയെ പീഡിപ്പിച്ച കേസ്; നടൻ വിജയ് ബാബുവിന്റെ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

യുവ നടിയെ പീഡിപ്പിച്ച കേസ്; നടൻ വിജയ് ബാബുവിന്റെ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: നടനും നിർമ്മാതാവുമായ വിജയ് ബാബു ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ പീഡിപ്പിച്ചെന്ന പരാതിയിലും, നടിയുടെ പേര് വെളിപ്പെടുത്തിയതിനും രജിസ്റ്റർ ചെയ്ത കേസുകളിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ടുള്ള നടന്റെ ഹർജിയാണ് ഇന്ന് കോടതി പരിഗണിക്കുക. കഴിഞ്ഞ തവണ ഹർജി പരിഗണിച്ച കോടതി ഇന്നേക്ക് പരിഗണിക്കാനായി മാറ്റിയിരുന്നു.

നേരത്തെ ജാമ്യഹർജികൾ പരിഗണിച്ച വേളയിൽ വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യണമെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. ഇത് പ്രകാരം നടനെ മൂന്ന് ദിവസത്തോളം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അവസാനമായി നടന്റെ ഹർജി പരിഗണിച്ചത്. കോടതി നിർദേശിച്ച പ്രകാരം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകനും വ്യക്തമാക്കിയിരുന്നു.

പീഡനക്കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിനു പിന്നാലെ പരാതിക്കാരിയുടെ പേര് സമൂഹമാദ്ധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെയാണ് വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസെടുത്തത്. അതേസമയം ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും ബ്ലാക്ക്‌മെയിലിന്റെ ഭാഗമായുള്ള പരാതിയെന്നുമാണ് വിജയ് ബാബുവിന്റെ വാദം. നടൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴികളും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളുമെല്ലാം പരിഗണിച്ചുകൊണ്ടാകും ഹർജിയിൽ കോടതിയുടെ അന്തിമ വിധി.

RELATED ARTICLES

Most Popular

Recent Comments