ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണം

0
81

ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണം. സംരക്ഷിത വനത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖലയാക്കിയുള്ള സുപ്രീംകോടതി ഉത്തരവില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഇടതുപക്ഷത്തിന്റെ ആവശ്യം. ഹര്‍ത്താലിനെ തുടര്‍ന്ന് ഇടുക്കിയിലെ കടകള്‍ അടഞ്ഞുകിടക്കുകയാണ്. നിരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രം.
ഹര്‍ത്താലിനെ തുടര്‍ന്ന്  ചെക്ക് പോസ്റ്റുകളിലൂടെയുള്ള ചരക്ക് ഗതാഗതം നിലച്ചു. കെഎസ്ആര്‍ടിസി സര്‍വീസ് പരിമിതമാണെങ്കിലും ദീര്‍ഘദൂര സര്‍വീസുകള്‍ നടക്കുന്നുണ്ട്. തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം, അടിമാലി, കുമളി, മൂന്നാര്‍ മേഖലകളിലും കടകള്‍ അടഞ്ഞു കിടക്കുകയാണ്.
ഇടുക്കി ജില്ലയിലെ വിവിധ മേഖലകളിലെ തോട്ടം മേഖലകളില്‍ ജോലിക്കെത്തിയവരുടെ എണ്ണത്തിലും കുറവാണ്. അതേസമയം ഹര്‍ത്താല്‍ ദിവസമായ ഇന്ന്  കമ്പംമെട്ട്, ബോഡിമെട്ട് ചെക്ക് പോസ്റ്റുകള്‍ വിജനമാണ്. എന്നാല്‍ കുമളി ചെക് പോസ്റ്റ് വഴി സ്വകാര്യ വാഹനങ്ങളെത്തുന്നുണ്ട്.
ജറയാം രമേശ് 2011 ൽ വനം പരിസ്ഥിതി മന്ത്രിയായിരിക്കെ വന്യജീവി സംരക്ഷണത്തിന്റെ പേരിൽ പുറത്തിറക്കിയ ഉത്തരവ് നടപ്പാക്കാനാണ് ഇപ്പോൾ സുപ്രീം കോടതി ഉത്തരവിട്ടിട്ടുളളത്. അതിനെ ചുവടുപിടിച്ചുള്ളതാണ്‌ ഒട്ടേറെയുള്ള നിയന്ത്രണങ്ങൾ. കപടപരിസ്ഥിതി സംഘടനകളെ  പ്രീതിപ്പെടുത്തിയ അതേ സംഘമാണ്‌ വന്യജീവി സംരക്ഷണ ഉത്തരവിനും പിന്നിലുമുള്ളത്‌.
കസ്‌തൂരിരംഗൻ റിപ്പോർട്ടിൽനിന്നും കൃഷി, തോട്ടം, ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി കിട്ടുന്നതിന്‌ ശാസ്‌ത്രീയവും സമഗ്രവുമായ റിപ്പോർട്ട്‌ സംസ്ഥാന സർക്കാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‌ നൽകിയിട്ടുണ്ട്‌. വനത്തിൽ മാത്രം ഇഎസ്ഐ നിജപ്പെടുത്തി കൃഷിമേഖലയെ പൂർണമായും വിമുക്തമാക്കുന്ന ശാസ്‌ത്രീയ റിപ്പോർട്ടാണ്‌ മുമ്പ്‌ കേരളം നൽകിയത്‌.
എന്നാൽ ഇതിനെതിരെ  യുഡിഎഫ്‌ എംപിമാർ പാർലമെന്റിൽ എടുത്ത നിലപാട്‌  കർഷകവിരുദ്ധമായിരുന്നു. ചില ഘട്ടങ്ങളിൽ ഗാഡ്‌ഗിൽ റിപ്പോർട്ട്‌ നടപ്പാക്കണമെന്നുതന്നെ കെപിസിസി പ്രസിഡന്റും ഹരിത എംഎൽഎമാരും ആവശ്യപ്പെട്ടിട്ടുണ്ട്‌. ബഫർസോൺ വിഷയത്തിൽ അതിസൂക്ഷ്‌മതയോടെയുള്ള  ഇടപെടൽ സർക്കാർ നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്‌ ആശ്വാസകരമാണെന്നും നിർദേശം സമർപ്പിക്കാനുള്ള അവസരം അനുവധിച്ചുകൊണ്ടുള്ള  സുപ്രീംകോടതി വിധി പ്രതീക്ഷനൽകുന്നതായും നേതാക്കൾ പറഞ്ഞു.
സംരക്ഷിത വനമേഖലയ്‌ക്ക്‌ ചുറ്റും ഒരു കിലോമീറ്റര്‍ പരിധിയില്‍ പരിസ്ഥിതി ലോല പ്രദേശമാക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ്‌ ഏറ്റവുമധികം ആശങ്ക സൃഷ്ടിക്കുന്നത്‌ ഇടുക്കിയിലെ മലയോരകര്‍ഷകരെയാണ്‌.
ഭൂവിസ്‌തൃതിയുടെ ഭൂരിഭാഗവും വനമേഖല ഉള്‍പ്പെടുന്ന ജില്ലയില്‍ നാല്‌ ദേശീയോദ്യാനങ്ങളും പെരിയാര്‍ ഉള്‍പ്പെടെ നാല്‌ വന്യജീവി സങ്കേതങ്ങളുമാണുള്ളത്‌. ബഫര്‍ സോണ്‍ വിഴുങ്ങുമോ എന്ന ആശങ്കയിലാണ്‌ ജില്ലയിലെ കുമളി ഉള്‍പ്പെടെയുള്ള നിരവധി പട്ടണങ്ങളും.
കേരള തമിഴ്‌നാട്‌ അതിര്‍ത്തിയിലെ കുമളി പട്ടണം. പെരിയാര്‍ കടുവാ സങ്കേതത്തിന്റെയും തേക്കടിയുടെയും കവാടം കൂടിയാണ്‌. ഈ ചെറുപട്ടണത്തെ പുറംലോകമറിഞ്ഞത്‌ തേക്കടിയിലെത്തിയ സഞ്ചാരികളാലായിരുന്നു. പക്ഷേ അതേ കടുവാസങ്കേതം തങ്ങളുടെ ജീവിതത്തിന്‌ അതിര്‍ത്തി നിശ്ചയിക്കുമോ എന്ന ആശങ്കയിലാണ്‌ പ്രദേശവാസികള്‍.
കടുവ സങ്കേതത്തിന്റെ ഈസ്‌റ്റ്‌ വെസ്‌റ്റ്‌ ഡിവിഷനുകളിലായി 925 ചതുരശ്ര കിലോമീറ്ററാണ്‌ വനഭൂമി. കോടതി ഉത്തരവ്‌ പ്രകാരം തേക്കടി ചെക്‌പോസ്‌റ്റിന്‌ ഒരു കിലോമീറ്ററപ്പുറം പരിസ്ഥിതി ലോല മേഖലയായി തിരിച്ചാല്‍ കുമളി ടൗണ്‍ മുഴുവന്‍ ഇതിന്റെ പരിധിക്കുള്ളിലാകും. മേഖലയിലെ നൂറുകണക്കിന്‌ സ്ഥാപനങ്ങള്‍ക്കും തൊഴില്‍മേഖലയ്‌ക്കും താഴു വീഴും.
സുപ്രീംകോടതി വിധി ആശങ്കയിലാക്കുന്ന ജില്ലയിലെ ഏക പട്ടണമല്ല കുമളി. ആനമുടിച്ചോല, പാമ്പാടുംചോല, ഇരവികുളം, കുറിഞ്ഞിമല, മതികെട്ടാന്‍, പെരിയാര്‍ തുടങ്ങിയ വനപ്രദേശം ചേര്‍ന്നു കിടക്കുന്നതിനാല്‍ തന്നെ ബഫര്‍സോണും ഒന്നായി മാറും. അതുകൊണ്ട്‌ തന്നെ സമീപത്തുള്ള തീവ്രജനവാസ കേന്ദ്രങ്ങളെ തന്നെ ബാധിക്കുമെന്നാണ്‌ ആളുകളുടെ ഭയം.
രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ജയറാം രമേശ്‌ വനംപരിസ്ഥിതി മന്ത്രിയായിരിക്കെ പുറത്തിറക്കിയ ഉത്തരവ്‌ നടപ്പാക്കാനാണ്‌ ഇപ്പോള്‍ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്‌. ഗാഡ്‌ഗില്‍ കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ കോണ്‍ഗ്രസ്‌ നേതൃത്വം തൊട്ടടുത്ത്‌ വെളിപ്പെടുത്തിയ നിലപാട്‌ ഇതായിരുന്നു.
മലയോര കര്‍ഷകരെ കുടിയിറക്കാനുള്ള വിജ്ഞാപനത്തിന്‌ വേണ്ടി വാദിക്കുന്നവര്‍ തന്നെയാണ്‌ ഇപ്പോള്‍ കര്‍ഷകസ്‌നേഹം പറഞ്ഞ്‌ രംഗത്ത്‌ വരുന്നതും. വിഷയത്തിന്‌ പരിഹാരം കണ്ടെത്തേണ്ട കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ അവര്‍ നിശബ്ദരാവുകയും ചെയ്യുകയാണ്‌.