അക്ഷയ് കുമാര്‍ ചിത്രം പരാജയമായി, പണം തിരിച്ചു നല്‍കണമെന്ന് ‘പൃഥ്വിരാജി’ന്റെ വിതരണക്കാര്‍

0
65

അക്ഷയ് കുമാര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് ‘സമ്രാട്ട് പൃഥ്വിരാജ്’. അക്ഷയ് കുമാര്‍ ചിത്രത്തിന് തിയറ്ററുകളില്‍ മോശം പ്രതികരണമാണ്. ജൂണ്‍ 3ന് പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് 48 കോടി രൂപയേ ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ തിരിച്ചുപിടിക്കാനായുള്ളൂ. 250 കോടിയോളം മുതല്‍ മുടക്കിയ ചിത്രത്തിന്റെ നഷ്‍ടം നികത്താൻ അക്ഷയ് കുമാര്‍ തയ്യാറാകണമെന്ന് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ‘പൃഥ്വിരാജി’ന്റെ വിതരണക്കാര്‍. അക്ഷയ് കുമാര്‍ നഷ്‍ടം നികത്താൻ തയ്യാറാകണമെന്ന് ബീഹാറിലെ വിതരണക്കാര്‍ ആവശ്യപ്പെട്ടതായി ഐഡബ്യുഎം ബസ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. അക്ഷയ് കുമാര്‍ എന്തെങ്കിലും ചെയ്യേണ്ട ഒരു സമയമാണിത്. തെലുങ്കില്‍ ആചാര്യ എന്ന സിനിമ പരാജയപ്പെട്ടപ്പോള്‍ ചിരഞ്‍ജീവി വിതരണക്കാരുടെ നഷ്‍ടം നികത്തി.

ഹിന്ദി സിനിമകളുടെ തുടര്‍ച്ചയായ പരാജയം വലിയ ആഘാതമാണുണ്ടാക്കുന്നത്. എന്തിന് ഞങ്ങള്‍ മാത്രം ഇവിടെ നഷ്‍ടം സഹിക്കണം. വിതരണക്കാരുടെ നഷ്‍ടം നികത്താൻ അക്ഷയ് കുമാറിന് കഴിയില്ലേ. ഞങ്ങളില്‍ പലരും കടം കയറി തകര്‍ന്നിരിക്കുകയാണ് എന്ന് ബീഹാറിലെ പ്രധാന വിതരണക്കാരില്‍ ഒരാളായ രോഹൻ സിംഗ് പറയുന്നു. സൂപ്പര്‍ സ്റ്റാറുകളുലെ കാലം കഴിഞ്ഞെന്ന് അവര്‍ മനസിലാക്കണമെന്ന് എക്സിബിറ്ററായ സുമൻ സിൻഹ പറഞ്ഞതായി ഐഡ‍ബ്യുഎം ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാര്‍ത്തിക് ആര്യനെ പോലെയുള്ള പുതിയ തലമുറ താരങ്ങളാണ് ഇപ്പോള്‍ മുന്നില്‍. വിതരണക്കാർക്ക് പണം നൽകുന്നതിനെക്കുറിച്ച് അക്ഷയ് കുമാർ ചിന്തിക്കുമോ എന്ന് എനിക്ക് സംശയമുണ്ട്. ഈ സൂപ്പര്‍ താരങ്ങള്‍ക്ക് അവരുടെ ബാങ്ക് ബാലൻസിനെ കുറിച്ച് മാത്രമേ ചിന്തയുള്ളൂവെന്നും സുമൻ സിൻഹ പറയുന്നു. അക്ഷയ് കുമാര്‍ നായകനായ ചിത്രം ബച്ചൻ പാണ്ഡെയും ബോക്സ് ഓഫീസില്‍ തകര്‍ന്നിരുന്നു.

ചന്ദ്രപ്രകാശ് ദ്വിവേദി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. പൃഥ്വിരാജ് ചൌഹാന്‍റെ ടൈറ്റില്‍ റോളിലാണ് അക്ഷയ് എത്തിയത്. മാനുഷി ഛില്ലറിന്‍റെ ബോളിവുഡ് അരങ്ങേറ്റമായ ചിത്രത്തില്‍ സഞ്ജയ് ദത്ത്, സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ, സാക്ഷി തന്‍വാര്‍, ലളിത് തിവാരി, അജോയ് ചക്രവര്‍ത്തി, ഗോവിന്ദ് പാണ്ഡേ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 12-ാം നൂറ്റാണ്ടില്‍ രാജാവായിരുന്ന പൃഥ്വിരാജ് ചൌഹാനെക്കുറിച്ച് ചന്ദ് ബര്‍ദായി എഴുതിയ പൃഥ്വിരാജ് റാസൊ എന്ന ഇതിഹാസ കവിതയെ ആസ്പദമാക്കിയാണ് ചന്ദ്രപ്രകാശ് ദ്വിവേദി തിരക്കഥയൊരുക്കിയിരിക്കുന്നത്. മനുഷ് നന്ദന്‍ ആണ് ഛായാഗ്രാഹകന്‍. ശങ്കര്‍ എഹ്സാന്‍ ലോയ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം സഞ്ചിത് ബല്‍ഹര, അങ്കിത് ബല്‍ഹര എന്നിവരാണ്. യഷ് രാജ് ഫിലിംസ് ആണ് നിര്‍മ്മാണം.