‘എന്റെ തങ്കമേ…’; വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപുള്ള വിഗ്നേഷിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറൽ

0
68

തെന്നിന്ത്യ കാത്തിരുന്ന ആ താരവിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നയൻതാരയും വിഗ്നേഷ് ശിവനും ഇന്ന് വിവാഹിതരാവുകയാണ്. വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വിഗ്നേഷ് ശിവൻ പ്രതിശ്രുത വധുവായ നയൻതാരയ്ക്ക് വേണ്ടിയെഴുതിയ ഇൻസ്റ്റഗ്രാം കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

‘ഇന്ന് ജൂൺ 9…ദൈവത്തിനും, പ്രപഞ്ചത്തിനും, എന്റെ പ്രിയപ്പെട്ട മനുഷ്യർക്കും നന്ദി പറയുന്നു. എല്ലാ നല്ല ഹൃദയങ്ങളും, നല്ല നിമിഷങ്ങളും, ചില നല്ല യാദൃശ്ചികതകളും, അനുഗ്രഹങ്ങളും, എന്നുമുള്ള ചിത്രീകരണവും, പ്രാർത്ഥനയുമാണ് ജീവിതം അത്രമേൽ സുന്ദരമാക്കിയത്. ഇതെല്ലാം എന്റെ പ്രിയപ്പെട്ടവൾക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു. എന്റെ തങ്കമേ… നീ മണിക്കൂറുകൾക്കം തന്നെ മണ്ഡപത്തിലേക്ക് വരുന്നത് കാണാൻ അതിയായ ആകാംക്ഷ. നല്ലത് വരുത്താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. കുടുംബത്തിനും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ജീവിതത്തിലെ പുതിയൊരു ഏടിന് തുടക്കമിടുന്നു’. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക.

മാധ്യമങ്ങൾക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ല. ഉച്ചയോടെ വിവാഹചിത്രങ്ങൾ പുറത്തുവിടുമെന്ന് വിഘ്‌നേഷ് ശിവൻ അറിയിച്ചു. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും. വിവാഹസത്കാരത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, സൂപ്പർ താരങ്ങളായ രജനീകാന്ത്, കമൽഹാസൻ തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് വിവരം. സംവിധായകൻ ഗൗതം മേനോനാണ് വിവാഹച്ചടങ്ങുകളുടെ സംവിധാനം നിർവഹിക്കുന്നതെന്നാണ് സൂചന. വിവാഹച്ചടങ്ങിന്റെ സംപ്രേഷണാവകാശം ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിന് നൽകിയിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.