കുട്ടികൾക്കു വാക്‌സിൻ എടുക്കാൻ രക്ഷകർത്താവിന്റെ സമ്മതം ആവശ്യമില്ല

0
87

കോട്ടയം: 12 വയസ്സിനു മുകളിലുള്ള എല്ലാ കുട്ടികളും 15-നകം കോവിഡ് വാക്‌സിൻ സ്വീകരിച്ചുവെന്ന് ഉറപ്പാക്കാൻ നിർദേശം. ഇതുമായി ബന്ധപ്പെട്ട് സ്‌കൂളുകൾക്കുള്ള മാർഗനിർദേശങ്ങൾ കളക്ടർ ഡോ. പി.കെ.ജയശ്രീ പുറത്തിറക്കി.
വാക്‌സിനേഷൻ വിവരം രക്ഷാകർത്താക്കളെ മുൻകൂട്ടി അറിയിക്കാം. രക്ഷാകർത്താക്കളുടെ രേഖാമൂലമുള്ള സമ്മതം ആവശ്യമില്ല. ഏതെങ്കിലും രക്ഷാകർത്താവിന് തന്റെ കുട്ടിക്ക് വാക്‌സിൻ നൽകുന്നതിൽ എതിർപ്പുണ്ടെന്നു സ്‌കൂൾ അധികൃതരെ രേഖാമൂലം അറിയിച്ചാൽ കുട്ടിയെ താത്കാലികമായി വാക്‌സിൻ നൽകുന്നതിൽനിന്ന് ഒഴിവാക്കും. രക്ഷാകർത്താവിന്റെ മൊബൈൽ ഫോൺ നമ്പർ സഹിതം ഒഴിവാക്കപ്പെട്ട വിവരം ആരോഗ്യകേന്ദ്രത്തെ രേഖാമൂലം അറിയിക്കണം.
12 വയസ്സ് പൂർത്തിയായ കുട്ടിക്ക് വാക്‌സിൻ സ്വീകരിക്കാം. ജനനത്തീയതിയുടെ അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുക.
50 കുട്ടികളിലധികം വാക്‌സിൻ സ്വീകരിക്കാനുണ്ടെങ്കിൽ പ്രദേശത്തെ ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെട്ട് സ്‌കൂളിൽ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കണം.
50 കുട്ടികളിൽ കുറവാണ് വാക്‌സിൻ എടുക്കാൻ ബാക്കിയുള്ളതെങ്കിൽ തൊട്ടടുത്ത വാക്‌സിനേഷൻ കേന്ദ്രത്തിലെത്തിച്ച് വാക്‌സിനേഷൻ നല്കണം.
വാക്‌സിൻ സ്വീകരിക്കുന്ന കുട്ടികൾ ആധാർ കാർഡിന്റെ പകർപ്പ്, രക്ഷാകർത്താവിന്റെ മൊബൈൽ നമ്പർ എന്നിവ കൊണ്ടുവരണം.