രാഷ്ട്രപതി തെരഞ്ഞെടുപ്പിൻ്റെ സമയക്രമം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അൽപസമയത്തിനകം പ്രഖ്യാപിക്കും

0
55

ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൻ്റെ സമയക്രമം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അൽപസമയത്തിനകം പ്രഖ്യാപിക്കും. മൂന്ന് മണിക്ക് ഇതിനായി മാധ്യമങ്ങളെ കാണുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ കാലാവധി ജൂലൈ 24ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. രാംനാഥ് കോവിന്ദിന് ബിജെപി രണ്ടാമൂഴം കൊടുക്കാൻ സാധ്യതയില്ലെന്നാണ് ഇതുവരെയുള്ള സൂചന അതിനാൽ അടുത്ത രാഷ്ട്രപതിയാരെന്നതിൽ ചർച്ചകൾ ഇനി സജീവമാകും. പ്രതിപക്ഷം ആരെ സ്ഥാനാർത്ഥിയായി നിർത്തും എന്നതിലും ഇനി വ്യക്തത വരേണ്ടതുണ്ട്. 
നിലവിലെ രാഷ്ട്രപതിയുടെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അടുത്ത രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭരണഘടനയുടെ 62-ാം അനുച്ഛേദത്തിൽ പറയുന്നത്. 2017 ജൂലൈ 17-നാണ് അവസാനത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്. ജൂലൈ 20-ന് ഫലം പ്രഖ്യാപിച്ചു. 
ലോക്‌സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമസഭകളിലേയും ഡൽഹിയിലേയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉൾപ്പെടുന്ന ഇലക്ടറൽ കോളേജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ഇലക്ടറൽ കോളേജിൽ ഏറ്റവും കൂടുതൽ വോട്ട് മൂല്യമുള്ളത് ഉത്തർപ്രദേശിനാണ്.
233 രാജ്യസഭാംഗങ്ങളും, 543 ലോക്‌സഭാംഗങ്ങളും, 4,120 നിയമസഭാ സാമാജികരും – ആകെ 4,896 ഇലക്‌ടർമാർ അടങ്ങുന്നതാണ് ഇലക്ടറൽ കോളേജ്. ഓരോ എംപിയുടെയും വോട്ടിന്റെ മൂല്യം 708 ആയി നിജപ്പെടുത്തിയിരിക്കുന്നു, അതേസമയം സംസ്ഥാനങ്ങളിൽ ഒരു എം‌എൽ‌എയുടെ വോട്ടിന്റെ മൂല്യം ഏറ്റവും ഉയർന്നത് 208 ആണ്. അതനുസരിച്ച്, ഉത്തർപ്രദേശ് നിയമസഭയുടെ മൊത്തം വോട്ടുകളുടെ മൂല്യം 83,824 ആണ്. ഓരോ വോട്ടിന്റെയും മൂല്യം 1971 ലെ സെൻസസ് അടിസ്ഥാനമാക്കി അതാത് സംസ്ഥാനത്തെ ജനസംഖ്യയുടെ ആനുപാതികമായി മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നു.
4,896 ഇലക്‌ടർമാർ അടങ്ങുന്ന ഇലക്ടറൽ കോളേജിന്റെ ആകെ മൂല്യം 10,98,903 ആണ്, വിജയിച്ച സ്ഥാനാർത്ഥിക്ക് തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കാൻ കുറഞ്ഞത് 50 ശതമാനം വോട്ട് ലഭിച്ചിരിക്കണം.  വിവിധ നിയമസഭകളിലെ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നിയമസഭയ്ക്ക് അനുബന്ധമായി പ്രവർത്തിക്കുന്ന ലെജിസ്ലേറ്റീവ് കൌണ്സിലിലെ അംഗങ്ങൾക്കും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ അവസരമില്ല. 
നിലവിലെ സാഹചര്യത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യത്തിന് സ്വന്തം സ്ഥാനാർത്ഥിയെ അനായാസം ജയിപ്പിക്കാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്.  അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും (ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ) നേടിയ വിജയം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുൻതൂക്കം നൽകുന്നു. എൻഡിഎയ്ക്ക് രാജ്യസഭയിൽ ഭൂരിപക്ഷമില്ലെങ്കിലും മുന്നണി സ്ഥാനാർത്ഥിക്ക് തന്നെയാവും രാജ്യസഭയിൽ കൂടുതൽ വോട്ട്നേടാനാവുക.