ദില്ലി: ഗായകനും കോണ്‍ഗ്രസ് നേതാവുമായ മൂസെവാലയുടെ (sidhu moose wala) കൊലപാതകം തിഹാർ ജയിലുള്ള ഗുണ്ട നേതാവ് ലോറൻസ് ബിഷ്ണോയിയാണ് ആസൂത്രണം ചെയ്തതെന്ന് ദില്ലി പൊലീസ്. കൊല നടത്തിയ സംഘവുമായി നേരിട്ട് ബന്ധമുള്ള മഹാകാൾ എന്ന പ്രതിയെ മഹാരാഷ്ട്ര പൊലിസും ദില്ലി പൊലീസും ചേർന്ന് ഇന്ന് അറസ്റ്റ് ചെയ്തു.
അതേസമയം നടൻ സൽമാൻ ഖാനെയും പിതാവ് സലീം ഖാനെയും വധിക്കുമെന്ന ഊമക്കത്ത് എഴുതിയത് തന്‍റെ ആളുകളല്ലെന്ന് ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയ്. തീഹാർ ജയിലിലുള്ള ബിഷ്ണോയിയെ ദില്ലി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് അദ്ദേഹം തന്‍റെ പങ്ക് നിഷേധിച്ചത്. കത്തിൽ എൽ ബി എന്ന് എഴുതിയത് ലോറൻസ് ബിഷ്ണോയിയുടെ ചുരുക്കപ്പേരാണെന്ന സംശയത്തിലായിരുന്നു ചോദ്യം ചെയ്യൽ.
പഞ്ചാബിൽ കൊല്ലപ്പെട്ട ഗായകൻ മൂസെവാലയുടെ ഗതി വരുമെന്നായിരുന്നു സൽമാന്‍റെ വീടിന് മുന്നിൽ നിന്ന് ലഭിച്ച കത്തിലെ ഭീഷണി. പിന്നാലെ സൽമാന്‍റെ മുംബൈയിലെ വസതിക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കൃഷ്ണ മൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട കേസിൽ സൽമാൻ ഖാനെതിരെ ലോറൻസ് മുൻപ് വധ ഭീഷണി മുഴക്കിയിരുന്നു.