തിയേറ്റർ റിലീസിന് ശേഷം; മലയാളം, തമിഴ് സിനിമകള്‍ ഡയറക്ട് റിലീസ് ചെയ്യില്ലെന്ന് പ്രമുഖ ഒ.ടി.ടി കമ്പനികള്‍

0
60

ചെറിയ, ഇടത്തരം മലയാളം തമിഴ് സിനിമകള്‍ ഡയറക്ട് ഒ.ടി.ടി റിലീസിനായി വാങ്ങുന്നത് നിര്‍ത്തിയതായി പ്രമുഖ ഒ.ടി.ടി കമ്പനികള്‍. ഇത്തരം സിനിമകൾ റിലീസിനൊരുക്കുമ്പോൾ നൽകേണ്ടി വരുന്ന വലിയ തുകയും കാഴ്ച്ചക്കാരുടെ എണ്ണത്തിലുള്ള കുറവുമാണ് ഇത്തരം ഒരു നടപടിയ്ക്ക് പിന്നിലെന്ന് ഫിലിം അനലിസ്റ്റായ ശ്രീധര്‍ പിള്ള പറയുന്നു. നിക്ഷേപത്തിനുള്ള വരുമാനം ഉണ്ടാകുന്നില്ലെന്നും കാഴ്ചക്കാരുടെ എണ്ണത്തില്‍ ഇടിവ് വരുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ തിയേറ്റർ റിലീസിന് ശേഷം ഇത്തരം ചിത്രങ്ങൾ ഒ.ടി.ടിയില്‍ സ്ട്രീം ചെയ്യുമെന്നും കമ്പനികള്‍ അറിയിക്കുന്നു.

ട്വിറ്ററിലാണ് അദ്ദേഹം ഈ വിവരങ്ങൾ പങ്കുവെച്ചത്. തിയേറ്റർ റിലീസിന് ശേഷം ചിത്രം വിജയമാണെങ്കിലും പരാജയമാണെങ്കിലും ഒടിടിയിൽ പ്രദർശിപ്പിക്കും. പക്ഷെ വിജയ പരാജയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുക നിശ്ചയിക്കുന്നതെന്നും വിലയിരുത്തലുകൾ ഉണ്ട്. ട്വിറ്ററിൽ അദ്ദേഹം കുറിച്ചതിങ്ങനെ:- ചെറുതും ഇടത്തരവുമായ തമിഴ്, മലയാളം ചിത്രങ്ങളുടെ ഡയറക്ട് ഒ.ടി.ടി റിലീസ് പ്രധാന ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ നിര്‍ത്തലാക്കി. സിനിമയ്ക്ക് നൽകേണ്ടി വരുന്ന ഉയര്‍ന്ന തുകയാണ് ഇതിന് കാരണം. കാഴ്ചക്കാരുടെ എണ്ണത്തിലുള്ള കുറവും നിക്ഷേപത്തില്‍ നിന്നുള്ള വരുമാന കുറവും മുൻ നിർത്തിയാണ് ഇങ്ങനെയൊരു തീരുമാനം. തിയറ്ററില്‍ റിലീസ് ചെയ്ത സിനിമകൾക്കു മുൻഗണന നൽകിയാണ് ഇപ്പോൾ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.

ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഒടിടി റിലീസിന് ഏറെ ആരാധകരുള്ള സമയമാണ് ഇത്. മലയാളത്തിൽ പുഴു, ജനഗണമന, ഒരു താത്വിക അവലോകനം, നൈറ്റ് ഡ്രൈവ് തുടങ്ങിയവയാണ് ഈ അടുത്ത് ഒടിടി റിലീസിനൊരുങ്ങിയ പടങ്ങൾ.