കോഴിക്കോട്: പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് മോഷണം. കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെയാണ് കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്. പമ്പില്‍ നിന്ന് 50,000 രൂപ മോഷ്ടാവ് കവര്‍ന്നു.ഇന്നലെ രാത്രിയായിരുന്നു സംഭവം. രാത്രി 12 മണി വരെയാണ് പെട്രോള്‍ പമ്പ് പ്രവര്‍ത്തിച്ചിരുന്നത്. ഇതിനുശേഷം പമ്പിലെ ജീവനക്കാരനായ റഫീക്ക് എന്നയാള്‍ പണം എണ്ണിത്തിട്ടപ്പെടുത്തുന്ന തിരക്കിലായിരുന്നു. ഇവിടേക്ക് എത്തിയ മോഷ്ടാവ് തൊഴിലാളിയെ ബലം പ്രയോഗിച്ച് കെട്ടിയിട്ട ശേഷം മോഷണം നടത്തുകയായിരുന്നു.
മെഡിക്കല്‍ കോളജ് പൊലീസ് സിസിടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാര്‍ ഇല്ലാത്ത ദിവസം നോക്കിയാണ് കവര്‍ച്ച എന്നത് നിര്‍ണായകമാണ്. കവര്‍ച്ചക്കാരന്‍ ഹിന്ദി സംസാരിച്ചുവെങ്കിലും അത് തെറ്റിദ്ധരിപ്പിക്കാനാവാന്‍ സാധ്യത ഉണ്ടെന്നു പൊലിസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കവര്‍ച്ച വിവരം ആദ്യം അറിഞ്ഞ പെട്രോള്‍ പമ്പ് മേനേജരാണ് പൊലീസില്‍ വിവരമറിയിച്ചത്. പമ്പിലെ മറ്റ് ജീവനക്കാരും കവര്‍ച്ചയെ തുടര്‍ന്ന് ആശങ്കയിലാണ്.
സംസ്ഥാനത്തു പലയിടത്തും കവര്‍ച്ചകള്‍ ഏറുന്നതിനുഇടയിലാണ് കൊട്ടുളിയിലെ എച്ച്പി പാമ്പിലെ കവര്‍ച്ച. പ്രതിയെ വേഗത്തില്‍ പിടി കൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. 12 ജീവനക്കാര്‍ ജോലി ചെയ്യുന്ന പമ്പില്‍ ഇന്നലെ രാത്രി 12 ന് ശേഷം ഒരാള്‍ മാത്രമാണുണ്ടായിരുന്നത്. മുഖം തിരിച്ചറിയാനാകാത്ത തരത്തില്‍ എത്തിയയാളാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.