ജോൺ സീന ആരാധകർ ഏറെയാണ്. ഇടിക്കൂട്ടിലെ സിംഹമെന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചവരും ഏറെയാണ്. ഡബ്ല്യുഡബ്ല്യുഇയിലെ (വേൾഡ് റസ്‌ലിങ് എന്റർടെയ്ൻമെന്റ്) ഏറ്റവും മികച്ച റസ്‌ലർ എന്നാണ് ആരാധകർ ജോണ് സീനയെ വിശേഷിപ്പിക്കുന്നത്. 17 വർഷത്തെ റിങ്ങിലെ പ്രകടനത്തിലൂടെ ആരാധകരെ ത്രില്ലടിപ്പിച്ച താരം വീണ്ടും ഡബ്ല്യു.ഡബ്ല്യു.ഇയിലേക്ക് തിരിച്ചെത്തുന്നു. ഡബ്ല്യു.ഡബ്ല്യു.ഇക്കൊപ്പം ചേര്‍ന്ന് രണ്ടുപതിറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ് തിരിച്ചു വരവിന് പിന്നിലെ ലക്ഷ്യം.
ഒരു തലമുറയുടെ തന്നെ ഹരമായിരുന്നു ജോൺ സീന. റോക്കും അണ്ടർ ടേക്കറും വാണ കാലത്ത് തന്റെ ത്രസിപ്പിക്കുന്ന ചുവടുകൾ കൊണ്ട് ആരാധാകരെ തീർത്ത സൂപ്പർ ഹീറോ. ജോൺ സീനയുടെ ഓരോ മത്സരങ്ങളും ഇടിക്കൂട്ടിൽ തീർത്തത് തരംഗങ്ങളായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലെ സമ്മർ സ്ലാമിന് ശേഷം ഡബ്ല്യുഡബ്ല്യുഇയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു താരം. സിനിമയിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നതിന്റെ ഭാഗമായായിരുന്നു വിട്ടുനിൽക്കൽ. ഫാസ്റ്റ് ആൻഡ് ഫൂരിയസിന്റെ ഒമ്പതാം പതിപ്പിൽ ജോണ് സീനയും വേഷമണിഞ്ഞു.
ദി സൂയിസൈഡ് സ്‌ക്വാഡിൽ പീസ് മേക്കറായും വൈപ്ഔട്ട് ടിവി സീരിസിൽ ആങ്കർ ആയും തിളങ്ങി. ദി ബബിളിലും ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തു. പതിനാറ് വട്ടം ലോക ചാമ്പ്യനായിരുന്നു. അവസാന മത്സരമായ യുണിവേഴ്‌സ് ചാമ്പ്യൻഷിപ്പിൽ റോമന്‍ റെയ്ന്‍സിനോട് പരാജയപ്പെട്ടിരുന്നു. 45 വയസുകാരനായ താരത്തിന് ഇനി എത്രനാൾ ഡബ്ല്യുഡബ്ല്യുഇയിൽ തുടരാൻ സാധിക്കുമെന്നതാണ് ആരാധകരുടെ സംശയം. ഏതു പൊതുപരിപാടിയിലും ആരാധകർക്ക് ഒരു ചോദ്യമേ ജോണ് സീനയോട് ചോദിക്കാൻ ഉണ്ടായിരുന്നുള്ളു. എന്നാണ് ഡബ്ല്യുഡബ്ല്യുഇയിലേക്കുള്ള തിരിച്ചുവരവ്. സിനിമയിൽ സജീവമായിരുന്നുന്നെങ്കിലും ഇടിക്കൂട്ടിലെ സിംഹക്കുട്ടിയെയാണ് ആരാധകർ കാണാൻ ഇഷ്ടപ്പെട്ടിരുന്നത്. അതിനുള്ള മറുപടി കൂടിയാണ് ഈ തിരിച്ചുവരവ്.