മാസ്‌ക് ധരിക്കാതെ ഇനി വിമാനത്തിൽ യാത്ര ചെയ്യാനാകില്ല

0
85

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ക്രമാനുഗതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). മാസ്‌ക് ധരിക്കാതെയും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയും വിമാനത്താവളത്തിലും വിമാനത്തിലും പ്രവേശിക്കുന്ന യാത്രക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡിജിസിഎ നിർദേശിച്ചു.
മാസ്‌ക് ധരിക്കാതെയും കോവിഡ് പ്രോട്ടോകാള്‍ പാലിക്കാതെയും എത്തുന്നവരെ അച്ചടക്കമില്ലാത്ത യാത്രക്കാരായി പരിഗണിക്കും. ഇത്തരത്തിലുള്ള യാത്രക്കാരെ വിമാനം പുറപ്പെടും മുമ്പ് പുറത്താക്കുമെന്നും ഡിജിസിഎ വ്യക്തമാക്കുന്നു. വിമാനത്താവളത്തില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള ചുമതല സിഐഎസ്എഫ് ജീവനക്കാര്‍ക്കാണെന്നും ഡിജിസിഎ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, മാസ്‌ക് ധരിക്കാതെയും കോവിഡ് പ്രോട്ടോകാള്‍ പാലിക്കാതെയും എത്തുന്ന വിമാനയാത്രക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി പറഞ്ഞിരുന്നു. കോവിഡ് പൂര്‍ണമായും ഒഴിവായിട്ടില്ലെന്നും ഇനിയും രോഗബാധ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്നും ഡല്‍ഹി ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കണമെന്നും ഇത്തരക്കാരെ വിമാനയാത്ര നടത്താന്‍ അനുവദിക്കരുതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.