പൊതുസ്ഥലത്തുവച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ തുറന്നുകാട്ടി അതിജീവിത

0
40

പൊതുസ്ഥലത്തുവച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാളെ തുറന്നുകാട്ടി അതിജീവിത. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് യുവതി പ്രതിയുടെ ചിത്രം അടക്കം തുറന്നുകാട്ടിയത്. രാത്രി ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ പിന്നാലെ വന്ന പ്രതി തന്നെ ആക്രമിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു എന്നും റോഡിലിട്ടു വലിച്ചിഴച്ചു എന്നും അതിജീവിത ഫേസ്ബുക്കിൽ കുറിച്ചു.

യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഇവൻ റേപ്പിസ്റ്റ്

ഇന്നലെ രാത്രി 8.30 ന് കോഴിക്കോട് കുന്നമംഗലം ബസ്സ് ഇറങ്ങി എന്റെ വീട്ടിലേയ്ക്ക് നടന്നു വരുന്ന വഴിയിൽ ഞാൻ അറിയാതെ ഇവൻ എന്നെ ഫോളോ ചെയ്തിരുന്നു. ജംഗ്ഷൻ വിട്ട് ഇടവഴിയിലേയ്ക്ക് തിരിഞ്ഞപ്പോ സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്ത ഇടത്തേയ്ക്ക് എത്തിയതും ഇവൻ എന്നെ ആക്രമിച്ചു റേപ്പ് ചെയ്യാൻ ശ്രമിച്ചു. റോഡിലിട്ടു വലിച്ചിഴച്ചു. അവനെ ഞാൻ ചവിട്ടിത്തെറിപ്പിച്ചലറി. എന്റെ അലർച്ചയിൽ ആളുകൾ ഓടി വരാൻ സാധ്യതയുള്ളതിനാൽ അവൻ ഓടി. ഞാൻ അവന്റെ പുറകെ അലറിക്കൊണ്ടോടി. മെയിൻ റോഡിൽ അവന്റെ പുറകെ ഓടി. അലർച്ചകെട്ടു ആളുകൾ ഓടിക്കൂടി. രണ്ടു കൊച്ചു പയ്യന്മാർ ബൈക്ക് എടുത്ത് അവന്റെ പുറകെ പാഞ്ഞു. അവനെ പിടിച്ചുകൊണ്ടു വന്നു. അവനെ നല്ലവണ്ണം കൈകാര്യം ചെയ്തു കുന്നമംഗലം പൊലീസിന് കൈമാറി.

ഇനിയുള്ളതാണ് നമ്മുടെ നിയമപരമായ ലൂപ്പ് ഹോൾ. ഇതുവരെയും നടന്ന റേപ്പുകളുടെ വിധി ഇനി ബാക്കി നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ ഏതറ്റം വരെയും ഞാൻ പോകും. ഇവൻ ഈ സമൂഹത്തിൽ ഇനിയും പതിയിരിക്കാൻ പാടില്ല. ഇന്നലെ ഒരുപക്ഷേ എന്റെ അപകട സാഹചര്യങ്ങളിൽ വരുന്ന അസാമാന്യ പ്രതിരോധ ശക്തിയും നേരം അതിനെക്കാളും ഇരുട്ടിയിട്ടില്ല എന്നുള്ളതും ഭാഗ്യവും അനൂകൂല ഘടകമായി വന്നതിനാലാണ് ഞാൻ റേപ്പ് ചെയ്യപ്പെടാതിരുന്നതും കൊല്ലപ്പെടാതിരുന്നതും. ഇതേ സാഹചര്യത്തിൽ വിറച്ചു പോകുന്ന ഒരു സ്ത്രീയോ ഒരു കുട്ടിയോ ആയിരുന്നെങ്കിൽ സ്ഥിതി ഇതാകുമായിരുന്നില്ല. ആയതിനാൽ എന്റെ ഉടലിനെ, എന്റെ ആത്മാഭിമാനത്തെ ആക്രമിച്ച അവനെ എന്റെ വ്യക്തിപരമായ പേരിലും ലോകത്തിലെ മൊത്തം സ്ത്രീകൾക്ക് വേണ്ടിയും ഇതുവരെയും റേപ്പ് ചെയ്യപ്പെട്ട മൊത്തം സ്ത്രീകൾക്ക് വേണ്ടിയും വെറുതെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.

അവനു വേണ്ടി കരഞ്ഞു കാലുപിടിച്ച അവന്റെ അമ്മയോട് ഞാൻ പറഞ്ഞത്: നിങ്ങൾ അവനെ കൊന്നിട്ട് വരൂ. അപ്പോൾ മാത്രം ഞാൻ നിങ്ങളുടെ വാക്കുകൾക്ക് ചെവി തരാം. അല്ലെങ്കിൽ ഞാൻ അവനെ കൊന്നുകൊള്ളാം.

അവന്റെ പേരും അഡ്രസ്സും ഞാൻ ഇന്ന് എടുക്കും. ലോകത്തിന്റെ മുന്നിൽ ഇവൻ റേപ്പിസ്റ്റ് എന്ന് ഞാൻ മുദ്രയടിക്കും. ഇനി ഒരിക്കലും എവിടെയും പതുങ്ങിയിരിക്കാൻ ഞാൻ അനുവദിക്കില്ല.