ഓൺലൈൻ ചൂതാട്ടത്തിൽ പണവും സ്വർണ്ണവും നഷ്ടമായതോടെ യുവതി ആത്മഹത്യ ചെയ്തു

0
105

ചെന്നൈ: ഓൺലൈൻ ചൂതാട്ടത്തിൽ പണവും സ്വർണ്ണവും നഷ്ടമായതോടെ യുവതി ആത്മഹത്യ ചെയ്തു. ചെന്നൈയിലാണ് സംഭവം. ​ഗണിത ബിരുദധാരിയായ ഭവാനിയാണ് ജൂൺ അഞ്ചിന് ജീവനൊടുക്കിയത്. 20 പവനും മൂന്ന് ലക്ഷം രൂപയുമാണ് ഭവാനിക്ക് നഷ്ടമായതെന്നാണ് പൊലീസ് പറയുന്നത്. ആറ് വർഷം മുമ്പ് ഭാ​ഗ്യാരാജ് എന്നയാളെ വിവാഹം ചെയ്ത ഭവാനിക്ക് രണ്ട് കുട്ടികളുമുണ്ട്. ഒരു സ്വകാര്യ മെഡിക്കൽ കമ്പനിയിൽ ജീവനക്കാരിയായിരുന്നു ഭവാനി. 
ഇവർ നിരന്തരം ഓൺലൈനായി റമ്മി കളിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തന്റെ 20 പവന്റെ സ്വർണ്ണം വിറ്റ് കിട്ടിയ പണമുപയോ​ഗിച്ചാണ് ഭവാനി റമ്മി കളിച്ചത്. ഇതിന് പുറമെ രണ്ട് സഹോദരിമാരിൽ നിന്ന് മൂന്ന് ലക്ഷം രൂപ കടം വാങ്ങുകയും ഇത് ഉപയോ​ഗിച്ച് റമ്മി കളിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പണമെല്ലാം ഇവർക്ക് നഷ്ടമായി. കളിയിൽ 10 ലക്ഷത്തോളം രൂപ ഭവാനിക്ക് നഷ്ടമായെന്നാണ് സൂചന. 
മരിക്കുന്നതിന് നാല് ദിവസം മുന്നെ തനിക്ക് നേരിട്ട് നഷ്ടം ഭവാനി തന്റെ സഹോദരിമാരിലൊരാളോട് പറഞ്ഞിരുന്നു. ഞായറാഴ്ച രാത്രി ഭവാനിയെ ഇവരുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇവരെ സർക്കാർ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് ഭവാനിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.