പുതിയ സമൂഹമാധ്യമ നയം ജൂലൈ അവസാനത്തോടെ

0
53

ദില്ലി; പുതിയ സമൂഹമാധ്യമ നയം ജൂലൈ അവസാനത്തോടെയെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനായുള്ള പുതിയ കരട് ഭേദഗതി പൊതുജനാഭിപ്രായം തേടുന്നതിനായി ഐടി മന്ത്രാലയം വീണ്ടും പ്രസിദ്ധീകരിച്ചു.
ഉള്ളടക്കം നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളുടെ പരാതിപരിഹാര ഓഫിസര്‍മാര്‍ എടുക്കുന്ന തീരുമാനത്തില്‍ തൃപ്തരല്ലാത്തവര്‍ക്ക് കേന്ദ്രം രൂപീകരിക്കുന്ന അപ‍‍്‌ലറ്റ് കമ്മിറ്റിയെ സമീപിക്കാമെന്നതാണ് നയത്തിലെ പ്രധാനകാര്യം.

കമ്ബനികളുടെ പരാതിപരിഹാര ഓഫിസറല്ല അന്തിമസംവിധാനമെന്ന സന്ദേശമാണു കേന്ദ്രം നല്‍കുന്നത്. അപ്പീലുമായി നേരിട്ടു കോടതിയെ സമീപിക്കുന്നതിനു പകരം പുതിയ അപ‍‍്‌ലറ്റ് സംവിധാനം ഉപയോഗിക്കാം. എന്നാല്‍, നേരിട്ടു കോടതിയെ സമീപിക്കാനും പരാതിക്കാരന് അവകാശമുണ്ട്. പരാതികളില്‍ കമ്ബനിയുടെ തീരുമാനം വന്ന് 30 ദിവസത്തിനകം അപ്‍ലറ്റ് കമ്മിറ്റിയെ സമീപിക്കാം. അപ്പീല്‍ 30 ദിവസത്തിനകം തീര്‍പ്പാക്കണം.

അപകീര്‍ത്തി, അശ്ലീലം, പകര്‍പ്പവകാശലംഘനം, ആള്‍മാറാട്ടം അടക്കം 10 തരം ഉള്ളടക്കം സംബന്ധിച്ചു പരാതി ലഭിച്ചാല്‍ 72 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്നു കരടില്‍ പറയുന്നു.സമൂഹമാധ്യമങ്ങള്‍ക്കുമേല്‍ കേന്ദ്ര സര്‍ക്കാര്‍ പിടിമുറുക്കുന്നതാണ് പുതിയ കരടെന്നാണ് വിലയിരുത്തല്‍.