പരിസ്ഥിതിലോല മേഖലയുടെ അതിർത്തി നിശ്ചയിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ കേരളം പുനഃപരിശോധന ഹർജി നൽകും

0
71

തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയുടെ അതിർത്തി നിശ്ചയിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ കേരളം പുനഃപരിശോധന ഹർജി നൽകും. ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കാൻ കേന്ദ്ര ഉന്നതാധികാര സമിതിയെ സമീപിക്കാനും ഉന്നതതല യോഗം തീരുമാനിച്ചു. ഇതിനിടെ 2019ൽ വനങ്ങളുടെ ചുറ്റളവിൽ പൂജ്യം മുതൽ ഒരു കിലോ മീറ്റ‍ർ വരെ സംരക്ഷിത മേഖലയാക്കാമെന്ന ഒന്നാം പിണറായി സർക്കാറിന്‍റെ ഉത്തരവ് പുറത്തുവന്നത് സർക്കാറിന് തിരിച്ചടിയായി.
സംരക്ഷിത വനങ്ങളുടെ ചുറ്റളവിൽ ഒരു കി മീ പരിസ്ഥിതി മേഖല നിർബന്ധമാക്കിയുള്ള വിധിക്കെതിരെ കേരളം സുപ്രീംകോടതിയിലേക്ക്. പരാതികൾ ഉണ്ടെങ്കിൽ ഉന്നതാധികാര സമിതി വഴി കോടതിയെ അറിയിക്കാമെന്ന വിധിയിലെ ഉപാധി തന്നെ ഉപയോഗിക്കാനാണ് കേരളത്തിന്‍റെ തീരുമാനം. കേരളത്തെ കൂടി കേൾക്കണമെന്നാവശ്യപ്പെട്ടാണ് പുനഃപരിശോധന ഹർജി നൽകുക. കേന്ദ്രം ഹർജി നൽകിയാൻ കക്ഷി ചേരുന്നതും പരിഗണനയിലാണ്. കശ്മീർ മുതൽ കന്യാകുമാരി വരെ ഒരേ മാനദണ്ഡം നിശ്ചയിച്ച് പരിസ്ഥിതി ലോല മേഖല നിശ്ചയിക്കാനാകില്ലെന്നാണ് കേരളത്തിന്‍റെ നിലപാട്. വനംവകുപ്പിലെയും നിയമവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരും എജിയുമായും മന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം.