വീട്ടമ്മയും കൊച്ചുമകനും കിണറ്റില്‍ മരിച്ചനിലയില്‍

0
99

അന്തിക്കാട് (തൃശ്ശൂര്‍): വീട്ടമ്മയെയും കൊച്ചുമകനെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കിഴുപ്പിള്ളിക്കര വായനശാലക്ക് സമീപം പണിക്കശ്ശേരി അജയന്റെ ഭാര്യ അംബിക (55) കൊച്ചുമകന്‍ ആദിഷ് ദേവ് (7) എന്നിവരെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊച്ചുമകനുമായി അംബിക കിണറ്റില്‍ച്ചാടി ജീവനൊടുക്കിയെന്നാണ് നിഗമനം. വീട്ടില്‍നിന്ന് അംബികയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
ബുധനാഴ്ച രാവിലെ മുതല്‍ ഇരുവരെയും വീട്ടില്‍നിന്ന് കാണാതായിരുന്നു. അന്വേഷണം നടത്തുന്നതിനിടെയാണ് അംബികയുടെ മകന് വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കിട്ടിയത്. കലശലായ അസുഖം കാരണം കുട്ടിയെ നോക്കാന്‍ കഴിയാത്തതിനാല്‍ ജീവനൊടുക്കുകയാണെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നത്. തുടര്‍ന്ന് കിണറ്റില്‍ നോക്കിയപ്പോള്‍ കുട്ടിയുടെ മൃതദേഹം പൊങ്ങികിടക്കുന്നത് കണ്ടു. നാട്ടികയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. തിരച്ചിലിനൊടുവില്‍ അംബികയുടെ മൃതദേഹവും കിണറ്റില്‍നിന്ന് കണ്ടെത്തി.
അംബികയുടെ മകളുടെ മകനാണ് ആദിഷ്. അച്ഛനും അമ്മയും ഉപേക്ഷിച്ചുപോയതിനെ തുടര്‍ന്ന് മുത്തശ്ശിക്കൊപ്പം താമസിച്ചുവരികയായിരുന്നു. കിഴുപ്പിള്ളിക്കര എസ്.എസ്.എ. എല്‍.പി. സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ്.