സല്‍മാന്‍ ഖാന് വധഭീഷണി: സല്‍മാന്‍ ഖാന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു

0
86

മുബൈ: ഭീഷണി കത്ത് ലഭിച്ചതിനെ തുടര്‍ന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു. ഞായറാഴ്ചയാണ് സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനും അജ്ഞാത ഭീഷണി കത്ത് ലഭിച്ചത്.സലിംഖാന്‍ ദിവസവും നടക്കാന്‍ പോകുന്ന ബാന്ദ്രയിലെ പ്രൊമെനേഡില്‍ നിന്നാണ് കത്ത് കിട്ടിയത്.

നടത്തത്തിന് ശേഷം വിശ്രമിക്കാറുള്ള ബെഞ്ചില്‍ നിന്ന് സലിം ഖാന്റെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഭീഷണിക്കത്ത് ആദ്യം കണ്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും സംഭവത്തില്‍ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. പ്രദേശത്തെ സി.സി.ടി.വികളുടെ പരിശോധനയിലാണ് പോലീസ്

അതേസമയം, കൊല്ലപ്പെട്ട പ്രശസ്ത പഞ്ചാബി ഗായകന്‍ സിദ്ദു മൂസെ വാലയുടെ അനുഭവം ഉണ്ടാവുമെന്ന പരാമര്‍ശം ഭീഷണി കത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. മെയ് 29ന് പഞ്ചാബിലെ മാന്‍സയില്‍ വെച്ചാണ് സിദ്ദു മൂസെ വാല വെടിയെറ്റ് മരിച്ചത്.പഞ്ചാബ് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സുരക്ഷ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്. കുപ്രസിദ്ധ ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന് സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. 2018ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ഇതേ സംഘം സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തിയിരുന്നു.