ഹേനയുടെ കൊലപാതകം: പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പൊലീസ്

0
55

ചേര്‍ത്തല: മാനസിക വെല്ലുവിളി നേരിടുന്ന നവവധു കൊട്ടാരക്കര വെളിനല്ലൂര്‍ സ്വദേശിനി ഹേന (42) കൊല്ലപ്പെട്ടകേസില്‍ സാമ്പത്തിക ഇടപാടുകളില്‍ പൊലീസ് പരിശോധന തുടങ്ങി. സ്ത്രീധന പീഡനമാണ് കൊലപാതകത്തിനു കാരണമെന്ന പരാതികളെ തുടര്‍ന്നാണ് പൊലീസ് പ്രത്യേക അന്വേഷണം നടത്തുന്നത്. ഇതിനായി ഹേനയുടെ ബന്ധുക്കളുടെ മൊഴി പൊലീസ് എടുത്തു തുടങ്ങി. സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി പ്രതിയായ ഭര്‍ത്താവ് അപ്പുക്കുട്ടനെ (50) പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

ചൊവ്വാഴ്ച കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. ഇയാളെ കസ്റ്റഡിയില്‍ ലഭിച്ചതിനു ശേഷമായിരിക്കും ഇടപാടുകള്‍ പരിശോധിക്കുന്നത്. നിലവില്‍ കൊലപാതകം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിന്റെ അന്വേഷണ ചുമതല ചേര്‍ത്തല ഡിവൈ.എസ്.പി ടി ബി വിജയനു കൈമാറിയിട്ടുണ്ട്.

വിശദമായ അന്വേഷണത്തിനു ശേഷമെ സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കണമോ എന്നു തീരുമാനിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. ഴിഞ്ഞ 26നു രാവിലെ 11.30 നാണ് ഹേനയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിമുറിയില്‍ വീണ് ബോധരഹിതയായി കണ്ടെന്ന് പറഞ്ഞാണ് അപ്പുക്കുട്ടന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. മരണത്തിനു ശേഷം ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് ഇതു കൊലപാതകണാണെന്നു തെളിഞ്ഞത്.