കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന്റെ സസ്‌പെൻഷൻ അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർ ഇന്ന് കോഴിക്കോട് എത്തും

0
63

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന്റെ സസ്‌പെൻഷൻ വിഷയം വീണ്ടും അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർ ഇന്ന് കോഴിക്കോട് എത്തും. കെജിഎംഒ ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് അന്വേഷണം.

കുതിരവട്ടത്ത് ചികിത്സയിലുണ്ടായിരുന്ന റിമാൻഡ് പ്രതി ചാടി പോവുകയും തുടർന്ന് അപകടത്തിൽ മരിക്കുകയും ചെയ്ത സംഭവത്തെ തുടർന്നാണ് സൂപ്രണ്ടിന്റെ സസ്‌പെന്റ് ചെയ്തത്. അടിക്കടി ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സൂപ്രണ്ടിന് വീഴ്ച സംഭവിച്ചു വെന്നായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട്. സൂപ്രണ്ടിനെ ബലിയാടാക്കിയെന്നായിരുന്നു കെജിഎംഒയുടെ ആരോപണം.

പ്രതിഷേധത്തെ തുടർന്ന് സൂപ്രണ്ട് കെ.സി.രമേശിന്റെ സസ്‌പെന്ഷൻ പുന പരിശോധിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകിയതിന്റെ ഭാഗമായാണ് വീണ്ടും അന്വേഷണം. ആരോഗ്യവകുപ്പ് ഡയറക്ടർ രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. നിലവിൽ പ്രതിഷേധപരിപാടികൾ താത്കാലികമായി നിർത്തിവച്ചതായി കെജിഎംഒഎ അറിയിച്ചിട്ടുണ്ട്.