ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; പോപ്പുലർഫ്രണ്ടിലെ പ്രമുഖർ മലപ്പുറത്ത്; അന്വേഷണ സംഘം ജില്ലയിൽ

0
52

മലപ്പുറം: പോപ്പുലർഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസിൽ പ്രധാനികളെ തേടി അന്വേഷണ സംഘം മലപ്പുറത്ത്. റാലി സംഘടിപ്പിച്ചതിൽ ചില പ്രമുഖരും മുദ്രാവാക്യം ഏറ്റുവിളിച്ചവരും ജില്ലയിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴയിൽ നിന്നുള്ള പോലീസ് സംഘം എത്തിയത്.

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടിന്റെ റാലിയിൽ ഉയർന്ന വിദ്വേഷ മുദ്രാവാക്യവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കൾ അടക്കം 31 പേരുടെ അറസ്റ്റാണ് ഇതു വരെ പോലീസ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ സുരക്ഷക്കും അഖണ്ഡതയ്‌ക്കും മുദ്രാവാക്യം പ്രതികൂലമായി ബാധിച്ചതായാണ് പോലീസ് കണ്ടെത്തിയത്. കൂടാതെ കേന്ദ്ര ഏജൻസികളും വിഷയത്തെ ഗൗരവത്തോടെ വീക്ഷിക്കുന്നു. അതിനാൽ തന്നെ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

റാലി സംഘടിപ്പിച്ചതിൽ ചില പ്രമുഖർ മലപ്പുറം ജില്ലയിലുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവർ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളാണ്. കൂടാതെ മുദ്രാവാക്യം ഏറ്റുവിളിച്ച ചിലരും മലപ്പുറത്തു കാരാണെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴയിൽ നിന്നും ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ മലപ്പുറത്ത് ക്യാമ്പ് ചെയ്ത് പരിശോധനകൾ നടത്തി വരികയാണ്. ചിലരെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം നിരപരാധികളെന്ന് കണ്ട് വിട്ടയച്ചു. എന്നാൽ വരും ദിവസങ്ങളിൽ ഇതിൽ മലപ്പുറം ജില്ലയിൽ നിന്ന് തന്നെ കൂടുതൽ പേർ കസ്റ്റഡിയിലാകുമെന്നാണ് സൂചന.