ജില്ലാ കളക്ടറുടെ പേരിലും വ്യാജ വാട്‌സ്ആപ്പ് സന്ദേശം: ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

0
42

തിരുവനന്തപുരം: ജില്ലാകളക്ടറുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് സന്ദേശം. തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസയുടെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ചാണ് സന്ദേശങ്ങൾ അയക്കുന്നത്. വ്യാജ നമ്പരിൽ നിന്നുമാണ് വാട്സ്ആപ്പ് സന്ദേശങ്ങൾ അയക്കുന്നത്. ഇത്തരം സന്ദേശങ്ങൾ അടിസ്ഥാന രഹിതമാണെന്നും സംഭവത്തിൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കളക്ടർ വ്യക്തമാക്കി.

നേരത്തെ മന്ത്രിമാരുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അക്കൗണ്ട് വഴി പണം തട്ടാനായിരുന്നു ശ്രമം. വ്യവസായ മന്ത്രി പി.രാജീവിന്റെയും ധനമന്ത്രി കെ എൻ ബാലഗോപാലിന്റേയും പേരിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. മന്ത്രിമാരുടെ ഫോട്ടോ ഡിപി ആയുള്ള വാട്‌സ്ആപ്പ് അക്കൗണ്ടിൽ നിന്നാണ് സന്ദേശങ്ങൾ വരുന്നത്. ആദ്യം കുശലാന്വേഷണം, പിന്നെ ആമസോൺ പേ ഗിഫ്റ്റ് കാർഡ് അടക്കമുള്ള കാര്യങ്ങളിലേക്ക് സംഭാഷണം വഴിമാറും. അക്കൗണ്ട് വിവരങ്ങളും ചോദിക്കും. ഇതോടെയാണ് ജീവനക്കാർ തട്ടിപ്പ് തിരിച്ചറിഞ്ഞത്.

84099 05089 എന്ന നമ്പറിൽ നിന്നാണ് വ്യവസായ മന്ത്രിയുടെ ഫോട്ടോ ഡി.പി ആയി നൽകി സന്ദേശങ്ങൾ അയച്ചത്. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സന്ദേശങ്ങൾ ലഭിച്ചപ്പോഴാണ് തട്ടിപ്പ് നടക്കുന്നതായി ബോധ്യപ്പെട്ടത്. 97615 57053 എന്ന നമ്പറിൽ നിന്നാണ് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഡിപിയുള്ള വാട്‌സ് ആപ്പ് അക്കൗണ്ട് പ്രവർത്തിപ്പിച്ചിരുന്നത്.