യുപി ഗാസിയാബാദിലെ അഞ്ച് വയസ്സുകാരിക്ക് കുരങ്ങുപനിയില്ലെന്ന് സ്ഥിരീകരിച്ചു

0
66

ദില്ലി/ ലഖ്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരിക്ക് കുരങ്ങുപനിയില്ലെന്ന് സ്ഥിരീകരിച്ചു. ഐസിഎംആറിന്‍റെ ദില്ലിയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ സാംപിൾ നെഗറ്റീവാണെന്ന് കണ്ടെത്തിയത്. കുരങ്ങുപനി ലക്ഷണങ്ങളുമായി എത്തിയതിനെത്തുടർന്നാണ് കുട്ടിയുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചത്. 
ഇതോടെ രാജ്യത്ത് കുരങ്ങുപനി വൈറസ് ഇതേവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉറപ്പായി. വിദേശരാജ്യങ്ങളിൽ ഭീതി സൃഷ്ടിച്ച് പടരുന്ന കുരങ്ങുപനി ഇന്ത്യയിലും സ്ഥിരീകരിച്ചോ എന്ന കാര്യത്തിൽ വലിയ ആശങ്കയാണ് നിലനിന്നിരുന്നത്.
ദേഹത്ത് കുമിളകളും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയ കുട്ടിയുടെ സാമ്പിളാണ് പരിശോധനയ്ക്ക് അയച്ചത്. കുട്ടിക്ക് നിലവിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും മുൻകരുതലെന്ന നിലയ്ക്കാണ് പരിശോധനയ്ക്കയച്ചത് എന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുട്ടിയോ കുട്ടിയുമായി അടുത്തിടപഴകിയവരോ വിദേശ യാത്ര നടത്തിയിട്ടില്ല.
കൂടുതല്‍ രാജ്യങ്ങളില്‍ കുരങ്ങുപനി സ്ഥിരീകരിച്ച  പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങൾക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം മാർഗനിർദേശങ്ങൾ നൽകിയിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ 21 ദിവസം നിരീക്ഷിക്കണം. രോഗ  ലക്ഷണങ്ങളുള്ളവരെ പരിചരിക്കുന്നവർ പിപിഇ കിറ്റ് ധരിക്കണം. സ്രവസാമ്പിളുകള്‍ പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയക്കണം. രോഗമുള്ളവരുമായി സമ്പർക്കത്തില്‍ വരരുത്. ബോധവല്‍ക്കരണം നടത്തണം തുടങ്ങിയ നിർദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. 
ആദ്യം കുരങ്ങുപനി സ്ഥിരീകരിച്ചത് ആഫ്രിക്കൻ രാജ്യങ്ങളിലാണ്. പിന്നാലെ ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും രോഗം സ്ഥിരീകരിച്ചത് ആശങ്കയേറ്റി. സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. 
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരിനം പകർച്ച വ്യാധിയാണ്  കുരങ്ങുപനി. ദേഹത്ത് കുമിളകൾ പോലെ പൊന്തുകയും ഇതിലെല്ലാം ചൊറിയും അസ്വസ്ഥതയും അനുഭവപ്പെടുകയും ചെയ്യുന്നതാണ് കുരങ്ങുപനിയുടെ ആദ്യലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ വസൂരിയുടേതിനോട് സാമ്യമുള്ളതാണ് എങ്കിലും ഒട്ടും മാരകമല്ലാത്തതും രണ്ടാഴ്ച മുതൽ നാലാഴ്ച വരെ സമയം കൊണ്ട് മരുന്ന് മൂലം തന്നെ ഭേദമാവുന്ന ഒരു സാംക്രമിക രോഗമാണിത്. നിലവിൽ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ രോഗബാധ എത്ര കണ്ട് ഗുരുതരമാണ് എന്നത് സംബന്ധിച്ച പഠനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് ലോകാരോഗ്യ സംഘടന.
ആഫ്രിക്കയിൽ കണ്ടുവരുന്ന വൈറൽ രോഗമായ കുരങ്ങുപനി കഴിഞ്ഞ മെയ് ഏഴാം തീയതിയോടെ നൈജീരിയയിൽ നിന്ന് യുകെയിലേക്ക് മടങ്ങിയെത്തിയ ഒരു വിനോദ സഞ്ചാരിയിലാണ് ആദ്യമായി സ്ഥിരീകരിച്ചത്. യുകെക്ക് പുറമെ പോർച്ചുഗൽ, സ്‌പെയിൻ, അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലും പുതിയ കേസുകൾ കണ്ടെത്തുകയായിരുന്നു. 
മാനന്തവാടി താലൂക്കിലെ തിരുനെല്ലി പഞ്ചായത്തിൽ 2020-ൽ 28 പേർക്ക് കുരങ്ങുപനി ബാധിച്ചിരുന്നത് വലിയ ആശങ്കയാണ് ഉയർന്നത്. അന്ന് കുരങ്ങുപനി എല്ലാവരും ആദിവാസികളായിരുന്നു. ഇതില്‍ 4 പേർ അന്ന് മരിച്ചിരുന്നു.