യുഎസ് പ്രസിഡൻ്റിൻ്റെ സുരക്ഷയിൽ വീഴ്ച

0
53

അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡന്റെ സുരക്ഷയിൽ വൻ വീഴ്ച. ബൈഡന്റെ അവധിക്കാല വസതിയുടെ വ്യോമാതിർത്തിയിൽ സ്വകാര്യ വിമാനം പ്രവേശിച്ചു. പിന്നാലെ പ്രസിഡന്റിനെയും പ്രഥമ വനിതയെയും സുരക്ഷാ ഉദ്യോഗസ്ഥർ സേഫ് ഹൗസിലേക്ക് മാറ്റി. വൈറ്റ് ഹൗസും രഹസ്യാന്വേഷണ വിഭാഗവുമാണ് ഇക്കാര്യം അറിയിച്ചത്.

ഡെലവെയറിലെ ബൈഡന്റെ വീടിന് മുകളിലൂടെയാണ് സ്വകാര്യ വിമാനം പറന്നത്. 12:45 ന് (പ്രാദേശിക സമയം)വിമാനം ശ്രദ്ധയിൽപ്പെട്ടു. അബദ്ധത്തിൽ നിരോധിത മേഖലയിൽ പ്രവേശിച്ചതാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ബൈഡനോ കുടുംബത്തിനോ ഭീഷണിയില്ലെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും, പൈലറ്റിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഏജൻസി അറിയിച്ചു. അതേസമയം, സ്ഥിതിഗതികൾ വിലയിരുത്തി ഇരുവരും വീട്ടിലേക്ക് മടങ്ങിയെത്തി. യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനാണ് പ്രസിഡന്റിന്റെ വ്യോമ സുരക്ഷയുടെ ചുമതല.