Wednesday
17 December 2025
30.8 C
Kerala
HomeIndiaഹൈദരാബാദ് കൂട്ടബലാത്സംഗ കേസിൽ തെലങ്കാന കത്തുന്നു;ഇടപെട്ട് ഗവർണർ

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിൽ തെലങ്കാന കത്തുന്നു;ഇടപെട്ട് ഗവർണർ

ഹൈദരബാദ് : ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിൽ തെലങ്കാന കത്തുന്നു. പ്രതികൾ ഉന്നത നേതാക്കളുടെ മക്കളും ബന്ധുക്കളുമാണെന്നും അവരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി പൊലീസ് ശ്രമിക്കുന്നുവെന്നും ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. തെലങ്കാന ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധ സമരമാണ് അരങ്ങേറുന്നത്.  ബലാത്സംഗ കേസിൽ അറസ്റ്റിലായ പ്രതികളുടെ വിവരങ്ങള്‍ മറച്ചുവച്ച് കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നത്. എന്നാല്‍ പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന നിലപാടാണ് പൊലീസ് ആവർത്തിക്കുന്നത്.
കേസിൽ തെലങ്കാന ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി. പൊലീസ് അനാസ്ഥയുണ്ടായെന്ന ആരോപണം ശക്തമായതിനിടെയാണ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വിശദീകരണം തേടിയത്. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ ബാലാവകാശ കമ്മീഷനും സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. 
ഹൈദരാബാദ് കൂട്ടബലാത്സംഗ കേസില്‍ ഇന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ത്ഥി കൂടി അറസ്റ്റിലായി. പ്ലസ് വണ്‍ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. നിലവിൽ നാല് പേരാണ് ഹൈദരാബാദ് ബലാത്സംഗ കേസിൽ അറസ്റ്റിലായത്. പ്രതികളെല്ലാം പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്. പ്രതിയെന്ന സംശയിക്കുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പ്രതികളെ ഉടന്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും.
ലിഫ്റ്റ് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ ബെന്‍സ് കാറില്‍ ജൂബിലി ഹില്‍സില്‍ കൊണ്ടുവന്ന് മറ്റൊരു ഇന്നോവ കാറില്‍ വച്ചാണ് പീഡിപ്പിച്ചത്. ഈ വെളുത്ത ഇന്നോവ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി പാര്‍ട്ടിക്കെത്തിയ പബ്ബില്‍ പൊലീസ് പരിശോധന നടത്തി. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വിളമ്പിയതില്‍ പബ്ബിനെതിരെ കേസെടുത്തു. വഖഫ് ബോര്‍ഡ് അംഗമായ മുതിര്‍ന്ന  ടിആര്‍എസ് നേതാവിന്‍റെ മകന്‍, ഒരു ടിആര്‍എസ് എംഎല്‍എയുടെ മകന്‍, എഐഎംഐഎം നേതാവിന്‍റെ മകനുമാണ് അറസ്റ്റിലായതെന്ന ആരോപണം ശക്തമാണ്. എന്നാല്‍ പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് പൊലീസ്. തെലങ്കാന ആഭ്യന്തര മന്ത്രി മൊഹമ്മൂദ് അലിയുടെ കൊച്ചുമകനും കേസില്‍ പങ്കുണ്ടെന്ന് ബിജെപിയും കോണ്‍ഗ്രസും ആരോപിച്ചു. എഐഎംഐഎം നേതാവിന്‍റെ മകന്‍റേത് എന്ന പേരിലുള്ള ചിത്രം കഴിഞ്ഞ ദിവസം ബിജെപി പുറത്തുവിട്ടു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടും ഒന്നര ദിവസം കഴിഞ്ഞാണ് പോക്സോ വകുപ്പില്‍ കേസെടുത്തത്. 

RELATED ARTICLES

Most Popular

Recent Comments